ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്ക് എതിരെ ഏറ്റ പരാജയത്തിന് മറുപടി നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് ലീഗ് കപ്പിൽ യുണൈറ്റഡ് ഇറങ്ങിയത്. പലർക്കും വിശ്രമം നൽകിയെങ്കിലും അപ്പോഴും ഒരു മികച്ച ടീമിനെ തന്നെ അണിനിരത്താൻ യുണൈറ്റഡിന് ഇന്നായി. ആദ്യ പകുതിയിൽ ഒരു മികച്ച പ്രകടനം ആയിരുന്നില്ല യുണൈറ്റഡിൽ നിന്ന് വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങി കൊണ്ട് യുണൈറ്റഡ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി.
48ആം മിനുട്ടിൽ ഒരു സഡൻ ബ്രേക്കിലൂടെ മുന്നേറിയ വില്ല വാറ്റ്കിൻസിലൂടെ ആണ് ലീഡ് എടുത്തത്. ഈ ഗോൾ വഴങ്ങി മിനുട്ടുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു. മാർഷ്യലിലൂടെ ആയിരുന്നു 49ആം മിനുട്ടിലെ സമനില ഗോൾ. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസ് ടാപിൻ ചെയ്യേണ്ട പണിയെ മാർഷ്യലിനുണ്ടായിരുന്നുള്ളൂ.
ഈ ഗോളിന് ശേഷം യുണൈറ്റഡ് അറ്റാക്ക് തുടർന്നു എങ്കിലും വീണ്ടും ലീഡ് എടുത്തത് ആസ്റ്റൺ വില്ല. 62ആം മിനുട്ടിൽ ഒരു പന്ത് ക്ലിയർ ചെയ്യാൻ നോക്കവെ ഡാലോട്ട് സ്വന്തം പോസ്റ്റിലേക്ക് പന്ത് എത്തിച്ചത് ആണ് യുണൈറ്റഡിന് വിനയായത്.
വീണ്ടും യുണൈറ്റഡിന്റെ തിരിച്ചടി. ഇത്തവണ മാർക്കസ് റാഷ്ഫോർഫിന്റെ പെനാൾട്ടി ബോക്സിലെ മികച്ച ടച്ചും കണ്ട്രോളും ആണ് ഗോളിലേക്ക് യുണൈറ്റഡിനെ എത്തിച്ചത്. സ്കോർ 2-2.
പിന്നെയും യുണൈറ്റഡിനെ തുടർ ആക്രമണങ്ങൾ വന്നു. ബ്രൂണോയും മഗ്വയറും എല്ലാം ഗോളിന് അടുത്ത് എത്തി. അവസാനം 78ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ആണ് മിങ്സിൽ തട്ടി യുണൈറ്റഡിന്റെ മൂന്നാം ഗോളായി മാറിയത്. ഇതിനു ശേഷം അവസാന നിമിഷങ്ങളിൽ മക്ടോമിനെയും യുണൈറ്റഡിനായി വലകുലുക്കിയതോടെ വിജയം പൂർത്തിയായി. ഗർനാചോയുടെ ഒരു പാസിൽ നിന്നായിരുന്നു മക്ടോമിനെയുടെ ഗോൾ.
ഇന്ന് സബ്ബായി എത്തി ഗർനാചോ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടി. താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എല്ലാ അറ്റാക്കിലും സജീവമായിരുന്നു. യുണൈറ്റഡ് നേടിയ അവസാന രണ്ട് ഗോളുകളും ഗർനാചോയുടെ പാസിൽ നിന്നുമായിരുന്നു