ചെകുത്താന്മാർക്ക് മുഖം തിരികെ കിട്ടുന്നു, ഒലെയുടെ മാഞ്ചസ്റ്റർ വണ്ടി എവിടേക്ക്?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കുറച്ച് കാലം മുമ്പ് വരെ പ്രീമിയർ ലീഗിന്റെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധയും ആശങ്കയും ഒക്കെ കിരീട പോരാട്ടത്തിൽ ആയിരുന്നു. എന്നാൽ ഇന്നലെ അത് എങ്ങനെ ആദ്യ നാലിൽ കയറാം എന്നതിലായിരുന്നു. ഫെർഗൂസന്റെ കാലത്തിനു ശേഷം നിലവാര തകർച്ച നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത കിരീടങ്ങളേക്കാൾ പ്രാധാന്യമുള്ളതായിരുന്നു. ഫെർഗൂസണ് ശേഷം വമ്പന്മാർ പലരും വന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപ കാലത്തിന്റെ നിഴൽ പോലും ആരാധകർക്ക് ഫെർഗിക്ക് ശേഷം കാണാൻ ആയിരുന്നില്ല.

വാൻ ഹാലും, മൗറീനോയും ഒക്കെ കോടികൾ മുടക്കിയിട്ടും ഒന്ന് അണിഞ്ഞ് ഒരുങ്ങി ഗ്രൗണ്ടിൽ നിൽക്കാൻ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നില്ല. അങ്ങനെ പതറുകയായിരുന്നു യുണൈറ്റഡിന് മാഞ്ചസ്റ്ററിന്റെ മുഖം തിരികെ ലഭിച്ചത് ഈ അടുത്താണ്. ഒലെ എന്ന ആരും ഇപ്പോഴും വലിയ പരിശീലകൻ ആണെന്ന് ഒന്നും അംഗീകരിക്കാൻ തയ്യാറാവാത്ത ഒരു പാവം പരിശീലകൻ ആണ് ആ മുഖം തിരികെ യുണൈറ്റഡിന് നൽകുന്നത്.

ഒലെ വന്നത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോരാട്ട വീര്യം കാണാൻ ഉണ്ടായിരുന്നു എങ്കിലും വളരെ മോശം സ്ക്വാഡായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്നത്. യുണൈറ്റഡിന്റെ നിലവാരത്തിൽ ഇല്ല എന്ന് തോന്നിയ താരങ്ങളെ എല്ലാം ഇരു മടിയും കൂടാതെ പുറത്താക്കാനാണ് ഒലെ ആദ്യ ധൈര്യം കാണിച്ചത്. ആശ്ലി യങ്, സ്മാളിംഗ്, സാഞ്ചസ്, ലുകാകു, ഫെല്ലിനി എന്ന് തുടങ്ങി എണ്ണമില്ലാത്ത അത്ര താരങ്ങൾ ക്ലബ് വിട്ടു.

ക്ലബ് കാര്യമായി പകരക്കാരെ നൽകിയില്ല എങ്കിലും ഒലെയുടെ സൈനിംഗുകൾ ഒക്കെ വളരെ മികച്ചതായി മാറി. സീസൺ തുടക്കത്തിൽ എത്തിയ ബിസാകയും മഗ്വയറുമൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതറുന്ന ഡിഫൻസിനെ മാറ്റി എഴുതി. ഈ സീസണിൽ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ഗോളുകളുടെ എണ്ണം 36 ആയി ചുരുങ്ങി. കഴിഞ്ഞ സീസണിൽ അത് 54 ഗോളുകൾ ആയിരുന്നു.

ഗോളടിക്കാൻ ആളില്ലാതിരിക്കെ ലുകാകുവിനെയും സാഞ്ചസിനെയും വിറ്റതിനും ഒലെ ഒരുപാട് വിമർശനങ്ങൾ കേട്ടു. തന്റെ താരങ്ങളിൽ തനിക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞ ഒലെ റാഷ്ഫോർഡിനെയും മാർഷ്യലിനെയും കൊണ്ട് അവരുടെ കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെപ്പിച്ചു. 17 ഗോളുകൾ വീതമാണ് ലീഗിൽ മാത്രം ഇരുവരും അടിച്ചത്. ഒപ്പം മേസൺ ഗ്രീൻവുഡ് എന്ന അത്ഭുത മാണിക്യത്തെയും ഒലെ കണ്ടെത്തി. പ്രീമിയർ ലീഗിലെ 10 ഗോളുകൾ അടക്കം 17 ഗോളുകളാണ് ഈ 18കാരൻ ഈ സീസണിൽ അടിച്ചത്. ലുകാകുവിനെ വിറ്റതിനെ കുറ്റം പറഞ്ഞവർ ആരായിരുന്നു ലുകാകു എന്ന് ചോദിക്കുന്ന തരത്തിൽ യുണൈറ്റഡ് അറ്റാക്ക് മികച്ചതായി.

മധ്യനിരയിൽ മക്ടോമിനെ ഫ്രെഡ് എന്നിവർ പോഗ്ബയുടെ അഭാവത്തിൽ മികവ് കാണിക്കുന്നതു. പിന്നീട് മാറ്റിചും പോഗ്ബയും സ്ഥിരത കാണിക്കുന്നതും ഒക്കെ യുണൈറ്റഡ് ആരാധകർക്ക് കാണാൻ ആയി. അവസാനം ജനുവരിയിൽ നടത്തിയ ബ്രൂണൊ ഫെർണാണ്ടസ് സൈനിംഗും ഒലെയുടെ മാസ്റ്റർ ക്ലാസ് ആയിരുന്നു. ഒരു ഘട്ടത്തിൽ ലെസ്റ്റർ സിറ്റിയേക്കാൾ 18 പോയന്റ് പിറകിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. അന്ന് ആരും പ്രവചിച്ച് കാണില്ല മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയേക്കാൾ മൂന്ന് പോയിന്റ് മുകളിൽ ഫിനിഷ് ചെയ്യുമെന്ന്.

അവസാനമായി ബേർൺലിക്ക് എതിരെ യുണൈറ്റഡ് തോൽക്കുമ്പോൾ യുണൈറ്റഡ് ലെസ്റ്ററിന് 14 പോയന്റ് പിറകിൽ ആയിരുന്നു. അതിനു ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗിൽ പരാജയം എന്തെന്ന് അറിഞ്ഞില്ല. ബ്രൂണോ കൂടെ വന്നതോടെ യുണൈറ്റഡിന് പഴയ യുണൈറ്റഡ് ഭാവം വന്നു. ഗോളടി നിർത്താൻ കഴിയാത്ത ടീമായി യുണൈറ്റഡ് മാറി. വിജയങ്ങളുടെ മാർജിനിൽ വരെ യുണൈറ്റഡ് റെക്കോർഡ് ഇടുന്നത് കണ്ടു. എല്ലാത്തിനും ഒടുവിൽ മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നാടകീയമായി തന്നെ ഉറപ്പിച്ചു.

അവസാന ദിവസം ലെസ്റ്ററിനോട് പരാജയപ്പെട്ടിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഒലെയുടെ ഈ സീസൺ പലരും പരാജയമാണ് എന്ന് മുദ്ര കുത്തിയേനെ. ടീമിനെ മാനസികമായും അത് ബാധിക്കുമായിരുന്നു. അങ്ങനെ ഒരു പരാജയം സംഭവിക്കാത്തത് കൊണ്ട് തന്നെ യുണൈറ്റഡ് തിരിച്ചെത്തുകയാണ് എന്ന് ഉറക്കെ പറയാനുള്ള സമയമാകുന്നു. ഗാരി നെവിൽ പറയുന്നത് പോലെ മൂന്നോ നാലോ മികച്ച സൈനിംഗുകൾ കൂടെ നടത്താൻ യുണൈറ്റഡിനായാൽ അവർ അടുത്ത സീസണിൽ കിരീട പോരാട്ടത്തിൽ തന്നെ ഉണ്ടാകും. ഒലെ ഗണ്ണാർ സോൾഷ്യാർ പതുക്കെ ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടി പ്രതാപത്തിലേക്ക് തന്നെ തിരികെ എത്തിക്കുകയാണ്.