മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർദ്ദങ്ങളെ അതിജീവിച്ച് വിജയ വഴിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഇന്ന് ന്യൂകാസിലിനെതിരെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ പിറകിൽ പോയതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് വിജയിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തിന് എതിരെ ഏറ്റ വൻ പരാജയത്തിൽ നിന്ന് ഒരു ആശ്വാസവും ആകും യുണൈറ്റഡിന് ഈ വിജയം.
ഇന്ന് ഒരുപാട് മാറ്റങ്ങളും ആയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറങ്ങിയത്. പക്ഷെ രണ്ടാം മിനുട്ടിൽ തന്നെ കാര്യങ്ങൾ അവതാളത്തിലായി. ലൂക് ഷോയുടെ സെൽഫ് ഗോളിൽ ആണ് ന്യൂകാസിലിന് ലീഡ് ലഭിച്ചത്. ഈ ഷോക്കിൽ നിന്ന് പെട്ടെന്ന് തന്നെ തിരികെ വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. അടുത്തിടെ ഒരുപാട് വിമർശനങ്ങൾ കേട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയർ ആണ് യുണൈറ്റഡിന് സമനില ഗോൾ നൽകിയത്.
23ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു മഗ്വയറിന്റെ ഗോൾ. പിന്നീട് വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും ബ്രൂണൊ ഫെർണാണ്ടസ് എടുത്ത പെനാൾട്ടി കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല. ഇതും നിരാശയുടെ ദിവസമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് തോന്നിയ നിമിഷം. എന്നാൽ വില്ലനായ ബ്രൂണോ തന്നെ ഹീറോയും ആയി. 86ആം മിനുട്ടിൽ ബ്രൂണോ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.
ഒരു പൂർണ്ണമായ ടീം ഗോളായിരുന്നു ബ്രൂണോ ഫിനിഷ് ചെയ്തത്. വാൻ ഡെ ബീകും ബ്രൂണോയും തുടങ്ങി വെച്ച നീക്കം മാറ്റയുടെ പാസിലൂടെ റാഷ്ഫോർഡിലേക്ക്. ബോക്സിൽ നിന്ന് ഒരു ബാക്ക് ഫ്ലിക്ക് പാസിൽ റാഷ്ഫോർഡ് ബ്രൂണോയെ കണ്ടെത്തി. ബ്രൂണോ പന്ത് വലയിലും എത്തിച്ചു. ഇതിനു പിന്നാലെ ന്യൂകാസിൽ ഡിഫൻസ് തകർന്നു. വാൻ ബിസാകയുടെ വക ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ. ബിസാകയുടെ കരിയറിലെ ആദ്യ സീനിയർ ഗോളായിരുന്നു ഇത്. പിന്നാലെ ഇഞ്ച്വറി ടൈമിൽ റാഷ്ഫോർഡ് യുണൈറ്റഡിന്റെ നാലാം ഗോളും നേടി.