പാരീസ് ചുവപ്പിച്ച് മാഞ്ചസ്റ്റർ!! ചരിത്രം തിരുത്തിയ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

“ആൻഡ് സോൾഷ്യാർ ഹാസ് വോൺ ഇറ്റ്” എന്ന 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ കമന്ററി ഇന്ന് വീണ്ടും ആവർത്തിക്കണം. പാരീസിൽ സോൾഷ്യാർ ഇന്ന് 1999നെ ഓർമ്മിപിക്കുന്ന തിരിച്ചുവരവ് ആണ് നടത്തിയത്. ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച തിരിച്ചുവരവ്. ഇന്ന് പാരീസിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുള്ള പി എസ് ജിയെ പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിൽ നേരിടാൻ ചെല്ലുമ്പോൾ ആരും യുണൈറ്റഡിൽ പ്രതീക്ഷ വെച്ചിരുന്നില്ല. കാരണം ആദ്യ പാദത്തിൽ 2-0ന്റെ തോൽവി യുണൈറ്റഡ് വഴങ്ങിയിരുന്നു.

അതിൽ നിന്ന് ഒരു തിരിച്ചുവരവ് ഇല്ല എന്നാണ് എല്ലാവരും കരുതിയത്. പോരാത്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പത്ത് പ്രധാന താരങ്ങൾക്ക് പരിക്കും. മാർഷ്യലും ലിംഗാർഡും മാറ്റിചും ഹെരേരയും ഒന്നും ഇല്ല. സസ്പെൻഷൻ കാരണം പോഗ്ബയും ഇല്ല. ആ മാഞ്ചസ്റ്ററിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ എന്ന് പി എസ് ജിയും കരുതി. യുണൈറ്റഡ് ബെഞ്ചിൽ ഇന്ന് ഉണ്ടായിരുന്ന ഏഴു പേരിൽ അഞ്ചു താരങ്ങളും 19ൽ താഴെ വയസുള്ളവരായിരുന്നു. ആ ടീമിനെ വെച്ച് 3-1ന്റെ വിജയം പാരീസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി.

കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വലകുലുക്കി. മിന്നുന്ന ഫോമിലുള്ള ലുകാകു ആയിരുന്നു പി എസ് ജിയെ ഞെട്ടിച്ചത്. ഒരു പി എസ് ജിയുടെ ബാക്ക് പാസ് കൈക്കലാക്കി ബുഫണയെ മറികടന്ന് ലുകാകു പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ആ ഗോളിന് ഉടൻ തന്നെ ബെണാർഡിലൂടെ പി എസ് ജി മറുപടി പറഞ്ഞു. സ്കോർ 1-1, അഗ്രിഗേറ്റിൽ 3-1 എന്ന നിലയിൽ പി എസ് ജിക്ക് അനുകൂലം.

ഇനി ഒരു തിരിച്ചുവരവില്ലാ എന്ന് കരുതിയ സമയത്ത് വീണ്ടും ലുകാകു എത്തി. ഇത്തവണയും പി എസ് ജിയുടെ പിഴവ് മുതലെടുത്തായിരുന്നു ലുകാകു ഗോൾ. റാഷ്ഫോർഡിന്റെ ഷോട്ട് കൈക്കലാക്കാൻ ബുഫണ് കഴിയാത്ത ഒരു നിമിഷത്തെ ലുകാകു ഗോളാക്കി മാറ്റി. സ്കോർ യുണൈറ്റഡ് 2-1 പി എസ് ജി. അഗ്രിഗേറ്റിൽ. യുണൈറ്റഡ് 2-3 പി എസ് ജി.

അതിനു ശേഷം യുണൈറ്റഡിന് ഒരു ഗോൾ മതിയായിരുന്നു ക്വാർട്ടറിലേക്ക് കടക്കാൻ. കാരണം 3-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ എത്തിയാൽ ഏറ്റവും കൂടുതൽ എവേ ഗോൾ അടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്നതു കൊണ്ട് യുണൈറ്റഡ് മുന്നോട്ട് പോവുകയും പി എസ് ജി പുറത്തേക്ക് പോവുകയും ചെയ്യും. ആ ഗോളിനു ശേഷം പി എസ് ജിക്ക് പന്ത് കൊടുത്ത് തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

കളി അവസാനത്തിൽ എത്തിയപ്പോൾ 18കാരനായ തഹിത് ചോങ്ങിനെയും 17കാരനായ ഗ്രീൻവുഡിനെയുമൊക്കെ സോൾഷ്യാർ കളത്തിൽ ഇറക്കി. ഇറങ്ങിയവർ ഒന്നും നിരാശപ്പെടുത്തിയില്ല. പക്ഷെ യുണൈറ്ഡിന് ഫെർഗീ ടൈമിൽ രക്ഷകനായി എത്തിയത് വാർ ആയിരുന്നു. 90ആം മിനുട്ടിൽ ഡാലോട്ട് എടുത്ത ഷോട്ട് കിമ്പെമ്പെയുടെ കയ്യിൽ തട്ടിയിരുന്നു. അത് വാറിൽ തെളിഞ്ഞു. പാരീസിന്റെ നെഞ്ച് പിളർന്ന് പെനാൾട്ടി വിധി വന്നു. പെനാൾട്ടി എടുത്ത റാഷ്ഫോർഡിന് പിഴച്ചില്ല. യുണൈറ്റഡ് 3-1, അഗ്രിഗേറ്റ് സ്കോർ 3-3. എവേഗോൾ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ.

ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം നടക്കാതെ ബുഫണും പി എസ് ജിയും തലതാഴ്ത്തി. ചരിത്രത്തിൽ ആദ്യമായാണ് ഹോമിൽ നടന്ന ആദ്യ പാദത്തിൽ പരാജയപ്പെട്ട ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരം വിജയിക്കുന്നത്.