ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലിള്ള പോരാട്ടം ഒരിക്കൽ കൂടെ സമനിലയിൽ അവസാനിച്ചു. ഓൾഡ്ട്രാഫോർഡിൽ എന്ന പോലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലും ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. ഒപ്പത്തിനൊപ്പം ഇരു ടീമുകളും പോരാടുന്നതാണ് ആദ്യ പകുതിയിൽ ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ കാണാൻ ആയത്. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകൾക്കുമായില്ല. ആദ്യ പകുതിയിൽ പെനാൾട്ടി ബോക്സിൽ വെച്ച് ഹുഡ്സൺ ഒഡോയി പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി റീപ്ലേകൾ കണ്ട ശേഷവും പെനാൾട്ടി വിധിക്കാത്തത് വിവാദ തീരുമാനമായി മാറി.
ആദ്യ പകുതിയിൽ ഒഡോയിയുടെ ക്രോസിൽ നിന്ന് മികച്ച ഒരു അവസരം ചെൽസി സൃഷ്ടിച്ചു എങ്കിലും ജിറൂഡിന്റെ ഡൈവിംഗ് ശ്രമം പന്തിനെ കണ്ടെത്തിയില്ല. മറുവശത്ത് ആദ്യ പകുതിയിൽ റാഷ്ഫോർഡിന്റെ ഒരു ഫ്രീകിക്ക് ഷോട്ട് മാത്രമായിരുന്നു നല്ല ഒരു അവസരം. രണ്ടാം പകുതി ചെൽസിയാണ് നന്നായി തുടങ്ങിയത്. സിയെഷിന്റെ ഒരു ഗോൾ ശ്രമം ലോകോത്തര സേവിലൂടെയാണ് ഡിഹിയ തട്ടിയകറ്റിയത്. പിന്നാലെ വന്ന റീസ് ജെയിംസിന്റെ ഷോട്ട് ലൂക് ഷോ ബ്ലോക്ക് ചെയ്ത് യുണൈറ്റഡിനെ രക്ഷിച്ചു.
പതിയെ മാഞ്ചസ്റ്റർ യുണൈറ്റഡും അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 58ആം മിനുട്ടിൽ ഗ്രീൻവുഡ് ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മിയാണ് പുറത്ത് പോയത്. പിന്നാലെ ലൂക് ഷോ സൃഷ്ടിച്ച അവസരത്തിൽ നിന്ന് മക്ടോമിനെയുടെ ഷോട്ട് മെൻഡി സേവ് ചെയ്ത് അകറ്റി. കളിയുടെ വേഗത കൂട്ടാൻ ചെൽസി വെർണറെയും പുലിസിചിനെയും ഇറക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിനെയും രംഗത്ത് ഇറക്കി. എങ്കിലും ഇരു ടീമുകളും അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ 50 പോയിന്റുനായി രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. 44 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. ഈ സമനില മാഞ്ചസ്റ്റർ സിറ്റിക്കാണ് ഏറ്റവും ഗുണം ചെയ്യുക. സിറ്റിയുടെ ഒന്നാം സ്ഥാനത്തുള്ള ലീഡ് 12 പോയിന്റായി ഉയർന്നു.