മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ആഘോഷിക്കുകയാണ് എന്ന് പറയാം. പ്രീമിയർ ലീഗിൽ ഇന്ന് കണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ഗംഭീര പ്രകടനമായിരുന്നു. ഇന്ന് ബ്രൈറ്റണെ അവരുടെ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തെ മുന്നിൽ നിന്ന് നയിച്ചത് ബ്രൂണൊ ഫെർണാണ്ടസും യുവതാരം ഗ്രീൻവുഡുമാണ്.
മത്സരത്തിൽ തുടക്കം മുതൽ യുണൈറ്റഡിന്റെ അക്രമണം ആണ് കണ്ടത്. മത്സരത്തിൽ അധികം താമസിക്കാതെ ഗോൾ നേടാനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ടീനേജ് താരം ഗ്രീൻവുഡിന്റെ മനോഹര ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ഇടതു വിങ്ങിൽ നിന്ന് കുതിച്ച് സ്റ്റെപ്പ് ഓവറുകൾ നടത്തിൽ ഗ്രീൻവുഡ് തൊടുത്ത ഇടംകാലൻ ഷോട്ട് ബ്രൈറ്റൺ കീപ്പർ കണ്ടതു പോലുമില്ല.
മത്സരത്തിലെ രണ്ടാം ഗോളും ആദ്യ പകുതിയിൽ തന്നെ വന്നു. ഇത്തവണ ഗോൾ വന്നത് ബ്രൂണോയുടെ ബൂട്ടിൽ നിന്ന്. അസിസ്റ്റ് പോബയിൽ നിന്ന്. പോഗ്ബയുടെ പാസ് ഫസ്റ്റ് ടച്ച് ഷൂട്ടിൽ ബ്രൂണോ വലയിൽ എത്തിക്കുകയായിരുന്നു. 50ആം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ. മത്സരത്തിലെ ഏറ്റവും സുന്ദര ഗോളും ഇത് തന്നെ.
ഒരു ക്ലാസിക് കൗണ്ടർ അറ്റാക്കായിരുന്നു ഇത്. ബ്രൈറ്റന്റെ ഒരു അറ്റാക്കിനിടയിൽ പന്ത് കൈക്കലാക്കി മാറ്റിച് കൊടുത്ത പാസ് സ്വീകരിച്ച ഗ്രീൻവുഡ് വലതുവിങ്ങിലൂടെ കുതിച്ചു. ഗ്രീൻവുഡിന്റെ ക്രോസ് ഒറ്റ ടച്ചിൽ ബ്രൂണോ വലയിൽ എത്തിച്ചു. ഈ ഗോളിന് ശേഷം പോഗ്ബയ്ക്കും ബ്രൂണോയ്ക്കും വിശ്രമം നൽകാൻ ഒലെ തീരുമാനിച്ചത് കൊണ്ട് യുണൈറ്റഡ് ഗോളുകളുടെ എണ്ണം കുറഞ്ഞെന്ന് പറയാം. ഡിഹിയയുടെ മികച്ച സേവുകളും ഇന്ന് മത്സരത്തിന് അവസാനം കാണാനായി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. 32 മത്സരങ്ങളിൽ നിന്നായി 52 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഉള്ളത്.