മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും കളി മറന്നു. ലെപ്സിഗിന് എതിരെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ അല്ല ഇന്ന് കാണാൻ കഴിഞ്ഞത്. താളം ഒട്ടും ഇല്ലാതെ കളിക്കുന്ന യുണൈറ്റഡിനെ ആണ് കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്ന് അർട്ടേറ്റയുടെ ആഴ്സണൽ ആകട്ടെ തകർപ്പൻ പ്രകടനം നടത്തി മൂന്ന് പോയിന്റുമായി മടങ്ങുകയും ചെയ്തു. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. 14 വർഷത്തിനു ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്സണൽ ഓൾഡ് ട്രാഫോർഡിൽ തോൽപ്പിക്കുന്നത്.
ഇന്ന് തുടക്കം മുതൽ യുണൈറ്റഡിനു മേൽ ആധിപത്യം പലർത്താൻ ആഴ്സണലിനായി. അർട്ടേറ്റയുടെ ടാക്ടിക്സിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുക ആയിരുന്നു ഒലെ ഗണ്ണാർ സോൾഷ്യാർ. ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് ഷോട്ട് തൊടുക്കാൻ ആഴ്സണലിന് ആയിരുന്നില്ല എങ്കിലും കളി നിയന്ത്രിച്ചത് ആഴ്സണൽ ആയിരുന്നു. അവസരങ്ങൾ സൃഷ്ടിച്ചതും അവർ തന്നെ.
രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു ആഴ്സണൽ ഗോൾ വന്നത്. പോഗ്ബ ബോക്സിൽ നടത്തിയ അനാവശ്യ ടാക്കിൾ ആണ് യുണൈറ്റഡിന് വിനയായത്. പെനാൾട്ടി എടുത്ത ഒബാമയങ് അനായാസം പന്ത് വലയിൽ എത്തിച്ചു. കളിയിലേക്ക് തിരികെ വരാൻ യുണൈറ്റഡ് വാൻ ഡെ ബീകിനെയും കവാനിയെയും ഒക്കെ ഇറക്കി എങ്കിലും കാര്യം ഉണ്ടായില്ല. യുണൈറ്റഡ് ശ്രമങ്ങളെ എല്ലാം സമർത്ഥമായി തന്നെ ആഴ്സണൽ പ്രതിരോധിച്ചു.
ഈ വിജയത്തോടെ ആഴ്സണൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. യുണൈറ്റഡ് ഈപ്പോഴും ലീഗിൽ 15ആം സ്ഥാനത്ത് നിൽക്കുകയാണ്.