ലോകത്തെ ഒന്നാം നമ്പർ ആകണം എന്നാൽ അത് അത്ഭുതം പോലെ സംഭവിക്കണം എന്ന നിലപാടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിന്റേത്. അവസാന സീസണുകളിൽ എന്ന പോലെ ഇത്തവണയും താരങ്ങളെ ടീമിൽ എത്തിച്ച് ടീം ശക്തമാക്കുന്നതിന് കഴിയാതെ പോവുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. ടീം ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ എത്ര മുന്നോട്ട് വന്നു ആരാധകർക്ക് ഒക്കെ അറിയാം. പക്ഷെ ടീം മെച്ചപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തയ്യാറായില്ല എങ്കിൽ അത് ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന് പറഞ്ഞ അവസ്ഥയിൽ എത്തിക്കും.
കഴിഞ്ഞ സീസൺ തുടക്കത്തിൽ ബ്രൂണൊ ഫെർണാണ്ടസിനെ സൈൻ ചെയ്യാൻ യുണൈറ്റഡ് പരിശീലക സംഘം ആവർത്തിച്ച് പറഞ്ഞിട്ടും ബ്രൂണൊ ഫെർണാണ്ടസ് എത്തിയത് ജനുവരിയിൽ മാത്രമായിരുന്നു. സീസൺ തുടക്കം മുതൽ ബ്രൂണോ ഉണ്ടായിരുന്നെങ്കിൽ എന്ന് ആരാധകർ പോലു ആഗ്രഹിച്ചു പോകുന്ന തരത്തിലായിരുന്നു ബ്രൂണോ ടീമിനെ ഉയർത്തിയത്. ഇപ്പോഴും സമനമായ സ്ഥിതി ആണ്.
ലീഗിൽ അവസാന മാസങ്ങളിൽ യുണൈറ്റഡ് സ്ക്വാഡ് എത്ര മോശമാണെന്ന് എല്ലാവരും കണ്ടതാണ്. സബ്ബായി ഇറക്കാൻ പോലും ഒരു നല്ല താരമില്ലാത്തിനാൽ എല്ലാ കളിക്കും ഒരേ ടീമിനെ ഇറക്കേണ്ട ഗതികേടിലായിരുന്നു ഒലെ. താരങ്ങൾ തളർന്നത് ടീമിന് എഫ് എ കപ്പിലും യൂറോപ്പയിലും വിനയാവുകയും ചെയ്തു. ഇപ്പോൾ സാഞ്ചോയ്ക്ക് പിറകെ പോയി വഴിമുട്ടി നിൽക്കുകയാണ് യുണൈറ്റഡ്. എന്നാൽ ഒരു സാഞ്ചീയ്ക്ക് തീർക്കാൻ കഴിയുന്ന പ്രശ്നങ്ങൾ അല്ല യുണൈറ്റഡിൽ ഉള്ളത്. ഒരു റൈറ്റ് വിങ്ങർ മാത്രം പോര യുണൈറ്റഡിന്. നല്ല ഒരു സെന്റർബാക്ക് ഇല്ലാ എങ്കിൽ ലിൻഡെലോഫിന്റെയും എറിക് ബായിയുടെയും മണ്ടത്തരങ്ങൾ ഇനിയും കാണേണ്ടി വരും.
ലൂക് ഷോയ്ക്ക് പരിക്കേറ്റാൽ ഇടം വിങ്ങിന് ചലനമില്ലാതാകും, വാൻ ബിസാകയ്ക്ക് പരിക്കേറ്റാൽ റൈറ്റ് ബാക്കായി ഇറങ്ങാൻ ആരുണ്ടെന്ന് അക്കാദമിയിൽ അന്വേഷിക്കേണ്ടി വരും. പ്രായമായ മാറ്റിചിന് പകരം ഒരു ഡിഫൻസീവ് മിഡ് വേണം. ഇതൊക്കെ നിർബന്ധമായും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ട കാര്യങ്ങളാണ്. കിരീടം എന്നൊക്കെ അവർ സ്വപ്നം കണ്ട് തുടങ്ങണം എങ്കിൽ വരെ ഇതൊക്കെ വേണം. അല്ലായെങ്കിൽ സീസൺ അവസാനം എല്ലാ പരാജയങ്ങളും പരിശീലകന്റെ തലയിലിട്ട് മാനേജ്മെന്റ് രക്ഷപ്പെടുന്നത് വീണ്ടും കാണേണ്ടി വരും.