ബോക്സിംഗ് ഡേയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മാനങ്ങൾ ഡിഫൻസീവ് പിഴവുകളുടെ രൂപത്തിലാണ് ലഭിച്ചത്. നൽകിയതോ ന്യൂ കാസിൽ യുണൈറ്റഡ്. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വൻ വിജയൻ തന്നെ ഓൾഡ്ട്രാഫോർഡിൽ സ്വന്തമക്കി. ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് തിരിച്ചടി.
അനിയൻ ലോങ്സ്റ്റഫായിരുന്നു ന്യൂകാസിലിനെ മുന്നിൽ എത്തിച്ചത്. ന്യൂകാസിൽ ലീഡ് എടുക്കുന്നത് വരെ അഴഞ്ഞു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് ഉണർന്നു. ഒന്നിനു പിറകെ ഒന്നായി ഗോളുകൾ വന്നു. ആദ്യം മാർഷ്യലിന്റെ വക സമനില ഗോൾ. പിന്നാലെ യുവതാരം ഗ്രീൻവുഡിന്റെ ബുള്ളറ്റ് ഷോട്ടിലൂടെ രണ്ടാം ഗോൾ. അതിനു പിറകെ റാഷ്ഫോർഡിന്റെ ഹെഡർ. ആദ്യ പകുതിക്ക് പിരിയുമ്പോൾ 3-1ന് യുണൈറ്റഡ് മുന്നിൽ.
രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ മാർഷ്യൽ വലകുലുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം ആഘോഷിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 28 പോയന്റുമായി ലീഗിൽ ഏഴാമത് എത്തി.