ഈ വർഷത്തെ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്.
ന്യൂകാസിലിനെ നടത്തിയ നിരാശയാർന്ന പ്രകടനം മറക്കാൻ നിറയെ മാറ്റങ്ങളുമായാണ് യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. ഇന്ന് എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്ന് മക്ടോമിന ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള മക്ടോമിനയുടെ ആദ്യ ലീഗ് ഗോളായിരുന്നു ഇത്. 27ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിൽ നിന്ന് മുന്നേറി സാഞ്ചോ തൊടുത്ത ഷോട്ട് ബേർൺലി ക്യാപ്റ്റൻ മീയുടെ കാലിൽ തട്ടി വലയിൽ എത്തുക ആയിരുന്നു.
35ആം മിനുട്ടിൽ ഒരു ടാപിന്നുലൂടെ റൊണാൾഡോ യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി. മക്ടോമിനയുടെ ഗംഭീര ഷോട്ട് ഹെന്നെസിയും പോസ്റ്റും കൂടെ തടഞ്ഞ് പന്ത് മടങ്ങി വരുമ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഫിനിഷ്. 38 മിനുട്ടിലെ ലെനന്റെ ഗോൾ ബേർൺലിക്ക് പ്രതീക്ഷ നൽകി.
എന്നാൽ ആ ഗോളിൽ മുന്നേറാൻ ബേർൺലിക്കായില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 31 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. ബേർൺലി റിലഗേഷൻ സോണിൽ നിൽക്കുകയാണ്.