ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നിരാശ. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു.
ഇന്ന് ബേർൺലിക്കെതിരെ നടന്ന ആദ്യ പകുതി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. മൂന്ന് തവണ ഗോളും നേടി. എന്നാൽ രണ്ട് തവണയും ഗോൾ നിഷേധിക്കപ്പെട്ടു. വരാനെ നേടിയ ഒരു ഗോൾ ഓഫ്സൈഡ് എന്ന് പറഞ്ഞു വാർ നിഷേധിച്ചു. ഒരു സെൽഫ് ഗോൾ പോഗ്ബയുടെ ഫൗൾ കാരണവും നിഷേധിക്കപ്പെട്ടു.
എന്നാൽ 18ആം മിനുട്ടിൽ പോഗ്ബയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് കണ്ടെത്തി. ലൂക് ഷോയുടെ അസിസ്റ്റിൽ നിന്നായിരുന്നു പോഗ്ബയുടെ ഗോൾ. താരത്തിന്റെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോളായി ഇത്. ആദ്യ പകുതിയിൽ അവസരങ്ങൾ മുതലെടുക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം പകുതിയിൽ തിരിച്ചടി കിട്ടി.
രണ്ടാം പകുതി ആരംഭിച്ചു രണ്ടാം മിനുട്ടിൽ തന്നെ ബേർൺലി ലീഡ് കണ്ടെത്തി. ജേ റോഡ്രിഗസ് ആണ് ഗോൾ നേടിയത്. ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർദ്ദത്തിൽ ആയി. അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിങാർഡിനെയും ഒക്കെ രംഗത്ത് ഇറക്കി. പക്ഷെ ഫലം ഉണ്ടായില്ല.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വൻ തിരിച്ചടി ആണ്. 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബേർൺലി ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്.