ഇനിയും തിരിച്ചറിവ് ഉണ്ടായില്ല എങ്കിൽ ക്ലബ് അനുഭവിക്കും, മഞ്ഞപ്പട പറയുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് അവരുടെ ക്ഷമ നശിച്ചിരിക്കുകയാണ്. ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കൂടെ പരാജയപ്പെട്ടതോടെ ക്ലബിന് പ്ലേ ഓഫ് എന്നത് വിദൂര സ്വപ്നമായി മാത്രം മാറിയിരിക്കുകയാണ്. ക്ലബ് ഇനിയും ഈ ദുരിതത്തിലൂടെ പോകുന്നത് സഹിക്കാൻ കഴിയാത്ത ആരാധകർ ക്ലബിനോട് പരസ്യമായി മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഔദ്യോഗികമായി ക്ലബിനും പരിശീലകൻ ഡേവിഡ് ജെയിംസിനും മഞ്ഞപ്പട എഴുതിയ തുറന്ന കത്തിലാണ് മാറ്റം ആവശ്യപ്പെടുന്നത്.

ക്ലബ് മാനേജ്മെന്റ് തങ്ങൾ ക്ലബിന്റെ ഉപഭോക്താക്കൾ അല്ല ആരാധകർ ആണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്ന് ആരാധ കൂട്ടമായ മഞ്ഞപ്പട പറയുന്നു. ക്ലബിൽ നിന്ന് ഇതിലും നല്ലത് ആരാധകരായ തങ്ങൾ അർഹിക്കുന്നു. ക്ലബ് ദുരിതത്തിലാണ് എന്നത് മാനേജ്മെന്റ് തിരിച്ചറിയണം. അല്ലായെങ്കിൽ അതിനു സമീപ ഭാവിയിൽ തന്നെ വലിയ വില കൊടുക്കേണ്ടി വരുമെന്നും ആരാധക കൂട്ടം പറയുന്നു.

ഡേവിഡ് ജെയിംസിനോട് അദ്ദേഹത്തെ ഇപ്പോഴും എപ്പോഴും പിന്തുണയ്ക്കുന്നു എന്നും എന്നാൽ അദ്ദേഹത്തിന്റെ ടാക്ടിക്സ് ക്ലബിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നും ആരാധകർ പറയുന്നു. ടീമിന്റെ നല്ലതിനു വേണ്ടി ഡേവിഡ് ജെയിംസ് ക്ലബ് വിടേണ്ടി വരുമെന്ന് സൂചനയും കത്തിൽ മഞ്ഞപ്പട നൽകുന്നു. ദീർഘകാല കരാറിൽ ഉള്ള ജെയിംസിനെ പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഒരുങ്ങുമോ എന്നത് ഇനിയും കാത്തിരുന്ന് കാണണം.

Advertisement