പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിറയെ നാടകീയത, പെനാൾട്ടിയും 2 പോയിന്റും നഷ്ടപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി

വെസ്റ്റ് ഹാമിനെതിരെ സിറ്റിയുടെ അത്ഭുത തിരിച്ചുവരവ് വിജയം വരെ എത്തിയില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കി കൊണ്ട് വെസ്റ്റ് ഹാം മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു. രണ്ട് ഗോളുകൾക്ക് ഒരു ഘട്ടത്തിൽ വെസ്റ്റ് ഹാം മുന്നിട്ടു നിന്ന മത്സരത്തിൽ തിരിച്ചടിച്ചു കൊണ്ട് സിറ്റി 2-2 സമനില പിടിക്കുക ആയിരുന്നു. സിറ്റിക്ക് വിജയ ഗോൾ നേടാൻ അവസരം വന്നു എങ്കിലും മെഹ്റസ് പെനാൾട്ടി നഷ്ടപ്പെടുത്തിയത് അവർക്ക് തിരിച്ചടിയായി.

ഇന്ന് വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ പതിവില്ലാത്ത ഒരു മാഞ്ചസ്റ്റർ സിറ്റിയെ ആണ് തുടക്കത്തിൽ കണ്ടത്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെതിരെ രണ്ട് ഗോളിനാണ് പിറകിൽ പോയത്. രണ്ടു ജെറാഡ് ബോവന്റെ ഗോളുകൾ. മത്സരത്തിന്റെ 24ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ഫോർനാൽസ് ഉയർത്തി നൽകിയ പാസ് ഓഫ്സൈഡ് ട്രാപ് വെട്ടിച്ച് ബോവൻ കൈക്കലാക്കി. മുന്നിൽ ഉണ്ടായിരുന്ന എഡേഴ്സണെ ഡ്രിബിൾ ചെയ്ത് അകറ്റി ബോവൻ പന്ത് വലയിൽ എത്തിച്ച് ലീഡ് നൽകി.20220515 202336

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നെ ആയിരുന്നു ബോവന്റെ രണ്ടാം ഗോൾ. ഇത്തവണ അന്റോണിയോ നൽകി പാസ് സ്വീകരിച്ച് ഇടം കാലു കൊണ്ട് ബോവന്റെ ഒരു ഷോട്ട്. വീണ്ടും എഡേഴ്സൺ പരാജയപ്പെട്ടു. ആദ്യ പകുതി വെസ്റ്റ് ഹാം 2-0ന് മുന്നിൽ.

രണ്ടാം പകുതിയിൽ സിറ്റി അവരുടെ ഫോമിലേക്ക് ഉയർന്നു‌. രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകൾക്ക് അകം സിറ്റി ആദ്യ ഗോൾ നേടി. ഗ്രീലിഷിന്റെ വകയായിരുന്നു ഗോൾ. ഒരു മനോഹരമായ വോളിയിലൂടെ ആണ് ഗ്രീലിഷ് ഫിനിഷ് ചെയ്തത്. സ്കോർ 2-1. സിറ്റിയുടെ രണ്ടാം ഗോൾ വന്നത് ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു. മെഹ്റസ് എടുത്ത് ഫ്രീകിക്ക് കൗഫാൽ സ്വന്തം പോസ്റ്റിലേക്ക് തന്നെ ഹെഡ് ചെയ്ത് ഇട്ടു. സ്കോർ 2-2.

പിന്നീട് വിജയ ഗോളിനായുള്ള ശ്രമം ആയി. 83ആം മിനുട്ടിൽ ജീസുസിനെ ഡോസൺ വീഴ്ത്തിയതിന് ആന്റണി ടെയ്ലർ പെനാൾട്ടി വിളിച്ചില്ല. തുടർന്ന് വാർ ഇടപ്പെട്ടു. പെനാൾട്ടി വിധിച്ചു. കളി കയ്യിലായി എന്ന് കരുതിയ സിറ്റിക്ക് പിഴച്ചു‌. പെനാൾട്ടി എടുത്ത മെഹ്റസിന്റെ കിക്ക് അത്ഭുതകരമായി ഫാബിയാൻസ്കി തടഞ്ഞു. സ്കോർ 2-2 തന്നെ. കളി അതേ സ്കോറിൽ അവസാനിച്ചു.

ഇനി ഒരു മത്സരം മാത്രം ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിക്കുകയോ അല്ലെങ്കിൽ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തുകയോ ചെയ്താൽ മാത്രമേ സിറ്റിക്ക് ഇനി കിരീടം നേടാൻ അവു. ലിവർപൂളിന് 36 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഇപ്പോൾ ഉള്ളത്.