ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെയും തോൽപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2
3-1ന്റെ വിജയമാണ് പെപ് ഗ്വാർഡിയോളയുടെ ടീം നേടിയത്. സിറ്റിയുടെ അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം വിജയമാണിത്.
ഇന്ന് ആദ്യ പകുതിയിൽ തന്നെ മികച്ച അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. വെസ്റ്റ് ഹാം ആകട്ടെ അവർക്ക് കിട്ടിയ അവസരം മുതലെടുത്ത് 36ആം മിനുട്ടിൽ വാർഡ് പ്രോസിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി 1-0ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റിയുടെ പുതിയ യുവ സൈനിംഗ് ഡാകുവിലൂടെ അവർ സമനില കണ്ടെത്തി. ഹൂലിയൻ ആൽവാരസിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ. മത്സരത്തിൽ 76ആം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ സിറ്റി ലീഡ് എടുത്തു. ഈ ഗോളും ഒരുക്കിയത് ആല്വാരസ് ആയിരുന്നു.
അവസാനം 87ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ നിന്ന് ഹാളണ്ട് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയായി. ഈ ജയത്തോടെ 15 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. വെസ്റ്റ് ഹാം 10 പോയിന്റുമായി ആറാമതും നിൽക്കുന്നു.