ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡിനെ തിരിച്ചു വന്നു ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതൂക്കം കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ആണ് വിവാദ ഗോൾ പിറന്നത്. തലക്ക് പരിക്കേറ്റു ചോര ഒലിച്ച ഡി ലൈറ്റിനെ കോർണറിന്റെ സമയത്ത് റഫറി പുറത്ത് പോവാൻ ആവശ്യപ്പെടുക ആയിരുന്നു. തുടർന്ന് നടന്ന ഡാമ്സ്ഗാർഡിന്റെ കോർണറിൽ നിന്നു പിനോക്ക് ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകിൽ ആയി. പ്രതിഷേധം അറിയിച്ച ടെൻ ഹാഗിനും വാൻ നിസ്റ്റൽ റൂയിക്കും റഫറി മഞ്ഞ കാർഡും നൽകി.
എന്നാൽ രണ്ടാം പകുതിയിൽ ഒരുങ്ങി എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നു ജയിക്കുന്നത് ആണ് പിന്നീട് കണ്ടത്. 47 മത്തെ മിനിറ്റിൽ റാഷ്ഫോർ ഡിന്റെ മികച്ച പാസിൽ നിന്നു ഗോൾ നേടിയ അലക്സാണ്ടർ ഗർനാചോ യുണൈറ്റഡിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് 62 മത്തെ മിനിറ്റിൽ എറിക്സന്റെ പാസിൽ നിന്നു സുന്ദരമായ ഫ്ലിക്കിലൂടെ പന്ത് ബ്രൂണോ ഫെർണാണ്ടസ് റാസ്‌മസ് ഹോയിലണ്ടിന് മറിച്ചു നൽകിയപ്പോൾ അതിലും സുന്ദരമായ ചിപ്പിലൂടെ താരം യുണൈറ്റഡിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ഈ ജയം സമ്മർദ്ദത്തിൽ ഉള്ള ടെൻ ഹാഗിനു ആശ്വാസം നൽകും.