മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക് എന്ന് തന്നെ പറയാം. രണ്ട് വലിയ പരാജയങ്ങളുടെ ക്ഷീണത്തിൽ ആയിരുന്ന മാഞ്ചസ്റ്റർ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനെ തോൽപ്പിച്ച് കൊണ്ട് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഓൾഡ്ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.
ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കണം എന്ന് ഉറച്ചായിരുന്നു യുണൈറ്റഡ് ഇന്ന് കളത്തിൽ ഇറങ്ങിയത്. റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിൽ ഇരുത്താനുള്ള വലിയ തീരുമാനം ഫലം കാണുന്നത് തുടക്കത്തിൽ തന്നെ കാണാൻ കഴിഞ്ഞു. അവസാന കുറച്ചു കാലമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാറി ആത്മാർത്ഥമായി കളിക്കുന്ന യുണൈറ്റഡിനെ ആണ് ഇന്ന് കാണാൻ ആയത്.
തുടക്കത്തിൽ തന്നെ അഗ്രസീവ് ആയി പ്രസ് ചെയ്ത് കളിച്ച യുണൈറ്റഡിന് ഓൾഡ്ട്രാഫോർഡിന്റെ വലിയ പിന്തുണ ലഭിച്ചു. ആദ്യം ബ്രൂണോയുടെ പാസിൽ നിന്ന് എലാംഗ ഗോളിന് തൊട്ടടുത്ത് എത്തി. എലാംഗയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇത് കഴിഞ്ഞ് 16ആം മിനുട്ടിൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി.
എലാംഗയുടെ പാസ് സ്വീകരിച്ച സാഞ്ചോ പെനാൾട്ടി ബോക്സിൽ തന്റെ ചടുല നീക്കങ്ങൾ കൊണ്ട് ലിവർപൂൾ ഡിഫൻസിനെ കീഴ്പ്പെടുത്തി. അനായാസം പന്ത് വലയിലേക്ക് സാഞ്ചോ എത്തിക്കുമ്പോൾ മിൽനർ നിലത്തു വീണു കിടക്കുന്ന കാഴ്ച ഫുട്ബോൾ ലോകം അടുത്ത് ഒന്നും മറന്നേക്കാവുന്ന കാഴ്ചയല്ല. സ്കോർ 1-0.
ഇതിനു ശേഷവും യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 25ആം മിനുട്ടിലെ എറിക്സന്റെ ഒരു ഫ്രീകിക്ക് പ്രയാസപ്പെട്ടാണ് അലിസൺ തടഞ്ഞത്. ആദ്യ പകുതിയുടെ അവസാനത്തോടെ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു. 40ആം മിനുട്ടിൽ ലിസാൻഡ്രോയുടെ ഒരു ഗോൾ ലൈൻ സേവ് വേണ്ടി വന്നു കളി സമനിലയിൽ നിർത്താൻ.
രണ്ടാം പകുതിയിൽ യുണൈറ്റഡ് ആന്റണി മാർഷ്യലിനെ കളത്തിൽ ഇറക്കി. രണ്ടാം ഗോൾ മാർഷ്യലിന്റെ അസിസ്റ്റിൽ നിന്ന് തന്നെ വന്നു. 53ആം മിനുട്ടിൽ മാർഷ്യലിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച റാഷ്ഫോർഡ് അലിസണെ കീഴ്പ്പെടുത്തി രണ്ടാം ഗോൾ നേടി. സ്കോർ 2-0.
56ആം മിനുട്ടിൽ വീണ്ടും റാഷ്ഫോർഡിന്റെ ഒരു ഷോട്ട്. ഇത്തവണ അലിസൺ സേവ് ചെയ്ത് മൂന്നാം ഗോളിൽ നിന്ന് രക്ഷിച്ചു. മത്സരത്തിൽ 81ആം മിനുട്ട് വരെ ഈ ലീഡ് തുടർന്നു. അവസാനം മൊ സലാ ലിവർപൂളിന് പ്രതീക്ഷ നൽകിയ ആദ്യ ഗോൾ നൽകി. ഒരു ഹെഡറിൽ നിന്നായിരുന്നു സലായടെ ഗോൾ.
പിന്നീട് അങ്ങോട്ട് ലിവർപൂളിന്റെ തുടർ ആക്രമണങ്ങൾ ആണ് കാണാൻ ആയത്. യുണൈറ്റഡ് റൊണാൾഡോയെ അവസാന മിനുട്ടുകളിൽ കളത്തിൽ ഇറക്കി. ലിവർപൂൾ സമനിലക്കായി ശ്രമിച്ചു എങ്കിലും അവസാനം വരെ പൊരുതി യുണൈറ്റഡ് വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് കയറി 14ആം സ്ഥാനത്ത് എത്തി. രണ്ട് പോയിന്റ് മാത്രമുള്ള ലിവർപൂൾ 16ആം സ്ഥാനത്ത് നിൽക്കുകയാണ്.