ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് എതിരെ അവസാന നിമിഷത്തെ ഗോളിന് ജയം കണ്ടു ഒന്നാം സ്ഥാനത്തേക്ക് കയറി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റി ജയം കണ്ടത്. സിറ്റി ആധിപത്യം കണ്ട മത്സരത്തിൽ സ്വന്തം മൈതാനത്ത് ആദ്യം വോൾവ്സ് ആണ് ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ സെമേദോയുടെ പാസിൽ നിന്നു ജോർഗൻ സ്ട്രാന്റ് ലാർസൻ ആണ് സിറ്റിയെ ഞെട്ടിച്ചത്. തുടർന്ന് സമനില ഗോളിന് ആയുള്ള സിറ്റി ശ്രമങ്ങൾ പലതും വോൾവ്സ് ഗോൾ കീപ്പർ ജോസെ സാ തട്ടിയകറ്റി.
33 മത്തെ മിനിറ്റിൽ എന്നാൽ സിറ്റി സമനില കണ്ടെത്തി. ജെറമി ഡോക്കുവിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഒന്നാം തരം അടിയിലൂടെ ജോസ്കോ ഗവാർഡിയോൾ ആണ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ മുഴുവൻ വിജയഗോളിന് ആയുള്ള സിറ്റി ശ്രമങ്ങൾ ജോസെ സായും വോൾവ്സ് പ്രതിരോധവും തടയുന്നത് ആണ് കാണാൻ ആയത്. എന്നാൽ 95 മത്തെ മിനിറ്റിൽ ഫിൽ ഫോഡന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ജോൺ സ്റ്റോൺസ് സിറ്റിക്ക് വിജയവും ലീഗിലെ ഒന്നാം സ്ഥാനവും സമ്മാനിക്കുക ആയിരുന്നു. ഓഫ് സൈഡ് സംശയത്തിന് ആയി റഫറി വാർ പരിശോധന നടത്തിയെങ്കിലും ഗോൾ അനുവദിക്കുക ആയിരുന്നു.