പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെതിരെ മികച്ച ജയവുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവി കൂടിയായിരുന്നു ഇത്. 1963ന് ശേഷം ആദ്യമായാണ് ലിവർപൂൾ തുടർച്ചയായി മൂന്ന് മത്സരങ്ങൾ സ്വന്തം ഗ്രൗണ്ടിൽ തോൽക്കുന്നത്. അതെ സമയം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 13മത്തെ ജയം കൂടിയായിരുന്നു ഇന്നത്തേത്. ജയത്തോടെ പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒരു മത്സരം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ 5 പോയിന്റിന്റെ ലീഡും നേടാൻ മാഞ്ചസ്റ്റർ സിറ്റിക്കായി.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച രീതിയിലാണ് ലിവർപൂൾ കളിച്ചത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന്റെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മുൻപിലെത്തി. എന്നാൽ സലയെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡിയാസ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സല ഗോളകുകയും ലിവർപൂളിന് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്തു.
എന്നാൽ 4 മിനുറ്റിനിടെ രണ്ട് വലിയ പിഴവുകൾ വരുത്തിയ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുകയായിരുന്നു. ലിവർപൂൾ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ആദ്യം ഗുണ്ടോഗനും തുടർന്ന് റഹീം സ്റ്റെർലിംഗും മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് ഉയർത്തുകയായിരുന്നു. തുർന്ന് ഫിൽ ഫുഡനിലൂടെ നാലാമത്തെ ഗോളും നേടിയ മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന്റെ ചരമഗീതമെഴുതി.