മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വപ്നങ്ങൾക്കും മുകളിലുള്ള കുതിപ്പിലാണ്. ഒലെ ഗണ്ണാർ സോൾഷ്യാർ ചുമതലയേറ്റതിനു ശേഷമുള്ള എട്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു തന്നെ കയറി. ഇത്തവണ എമിറേറ്റ്സിൽ ചെന്ന് ആഴ്സണലിനെ ആണ് പരാജയപ്പെടുത്തിയത്. അതും തികച്ചും ഏകപക്ഷീയമായ രീതിയിൽ. ഗണ്ണേഴ്സിനെ ഒന്ന് പൊരുതാൻ വരെ വിടാതെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്.
റാഷ്ഫോർഡ്, മാർഷ്യൽ എന്നുവരെ ബെഞ്ചിൽ ഇരുത്തിയും ഡി ഹിയയെ മാഞ്ചസ്റ്ററിൽ തന്നെ നിർത്തിയുമായിരുന്നു ഇന്ന് യുണൈറ്റഡ് കളിക്കാൻ ഇറങ്ങിയത്. എന്നിട്ടും യാതൊരു അപകടവും ഒലെയുടെ ടീമിന് പറ്റിയില്ല. സാഞ്ചേസ്, ലുകാകു, ലിംഗാർഡ് എന്നിവരെ മുന്നിൽ നിർത്തി കൗണ്ടർ അറ്റാക്കിംഗ് ശൈലിയാണ് ഒലെ ഇന്ന് പരീക്ഷിച്ചത്. പതവ് സ്ട്രൈക്കർ റോളിൽ നിന്ന് മാറി വലതു വശത്ത് കളിച്ച ലുകാകു ആയിരുന്നു ഇന്ന് താരമായത്.
കളിയിൽ ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ രണ്ടു ഗോളുകളും ഒരുക്കിയത് ലുകാകു ആയിരുന്നു. അലക്സിസ് സാഞ്ചസ് ആയിരുന്നു ആദ്യ ഗോൾ നേടിയത്. ലുകാകു ഷോട്ടെടുക്കാനുള്ള ശ്രമം പോലെ നടത്തി മൊത്ത ആഴ്സണൽ ഡിഫൻസിനെയും കബളിപ്പിച്ച് സാഞ്ചേസിന് പന്ത് നൽകുകയായിരുന്നു. പന്ത് സ്വീകരിച്ച് പീറ്റർ ചെക്കിനെയും മറികടന്ന് അസാധ്യമെന്ന് തോന്നിച്ച ആങ്കിളിൽ നിന്ന് സാഞ്ചസ് പന്ത് വലയിൽ എത്തിച്ചു. തന്റെ മുൻ ക്ലബിനെതിരെ ഗോൾ നേടിയത് സാഞ്ചസിന് ഉരട്ടി സന്തോഷം നൽകും.
ആദ്യ ഗോൾ വീണ് രണ്ട് മിനുട്ടിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോളും നേടിം ഒരു ഗംഭീര കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ആ ഗോൾ. ലുകാകുവിന്റെ പാസിൽ നിന്ന് ലിംഗാർഡ് ആണ് രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒബാമയങ്ങിലൂടെ ഒരു ഗോൾ മടക്കി ആഴ്സണൽ കളിയിലെ പ്രതീക്ഷ നിലനിർത്തി.
രണ്ടാം പകുതിയിൽ റാഷ്ഫോർഡിനെയും മാർഷ്യലിനെയും ഇറക്കി കൂടുതൽ അറ്റാക്കിംഗ് മനോഭാവമാണ് ഒലെ കാണിച്ചത്. അത് ഗുണം ചെയ്യുകയും ചെയ്തു. പോഗ്ബ നടത്തിയ കൗണ്ടർ അറ്റാക്കിനും ഷോട്ടിനും ഒടുവിൽ മാർഷ്യലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. മത്സരത്തിനിടെ രണ്ട് സെന്റർ ബാക്കുകൾ പരിക്കേറ്റത് പോയത് ആഴ്സണലിന് തിരിച്ചടിയായി.