മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും യുവതാരങ്ങളെ മുന്നോട്ട് കൊണ്ട് വരുന്നതിൽ പേരു കേട്ട ടീമാണ്. ഇന്നലെ റീഡിങിനെതിരെ കളിച്ചപ്പോൾ പുതിയ ഒരു യുവതാരത്തിന്റെ അരങ്ങേറ്റത്തിനു കൂടെ ഫുട്ബോൾ ലോകം സാക്ഷിയായി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി തഹിത് ചോങ്ങാണ് ഇന്നലെ അരങ്ങേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെ ഏറ്റവും കൂടുതൽ പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന താരമാണ് ചോങ്ങ്.
19കാരനായ ചോങ്ങ് ഇന്നലെ അര മണിക്കൂറോളം മാഞ്ചസ്റ്റർ ജേഴ്സിയിൽ കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് വന്ന് യുണൈറ്റഡ് സീനിയർ ടീമിനായി കളിക്കുന്ന 229ആമത്തെ താരമായി ചോങ്ങ് ഇന്നലെ മാറി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 464 താരങ്ങളാണ് യുണൈറ്റഡിനായി ആകെ കളിച്ചത്. അതിൽ 50 ശതമാനത്തിന് അടുത്ത് താരങ്ങൾ സ്വന്തം അക്കാദമിയിൽ നിന്ന് തന്നെ വളർന്നവരാണ് എന്നത് യുണൈറ്റഡിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.
ഇപ്പോഴുള്ള ടീമിൽ റാഷ്ഫോർഡ്, പോഗ്ബ, ലിംഗാർഡ്, മക്ടോമിനെ, പെരേര തുടങ്ങി നിരവധി താരങ്ങൾ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നവരാണ്. സർ മാറ്റ് ബുസ്ബിയുടെ കാലം തിട്ടേ യുവതാരങ്ങളെ വളർത്തുന്നതാണ് യുണൈറ്റഡിന്റെ ശീലം. സർ അലക്സ് ഫെർഗൂസന്റെ കാലത്ത് ഗുഗ്സ്, സ്കോൾസ്, നെവിൽ സഹോദരന്മാർ, ബെക്കാം, നിക്കി ബട്ട് തുടങ്ങി ലോക ഫുട്ബോളിലെ മഹത്തായ കളിക്കാരെ തന്നെ വളർത്തി കൊണ്ടു വരാൻ യുണൈറ്റഡിനായിരുന്നു.