ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കടുത്ത സമ്മർദ്ദം നേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ഫുൾഹാമിനു എതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് യുണൈറ്റഡ് മത്സരത്തിൽ ജയം കണ്ടത്. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ തന്റെ ക്ലബിന് ആയുള്ള 200 മത്തെ മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ മികച്ച ഗോൾ ആണ് ടെൻ ഹാഗിന്റെ ടീമിന് ജയം ഒരുക്കിയത്. മത്സരത്തിൽ പന്ത് കൈവശം വെച്ചതിൽ യുണൈറ്റഡ് മുന്നിൽ നിന്നപ്പോൾ കൗണ്ടർ അറ്റാക്കിൽ ഫുൾഹാം യുണൈറ്റഡ് പ്രതിരോധം പരീക്ഷിച്ചു. റാഷ്ഫോർഡ് ഇല്ലാതെ കളിക്കാൻ ഇറങ്ങിയ യുണൈറ്റഡ് പത്താം മിനിറ്റിൽ ഗോൾ നേടിയിരുന്നു.
എന്നാൽ മക്ടോമനി നേടിയ ഗോൾ നീണ്ട വാർ പരിശോധനക്ക് ശേഷം ഓഫ് സൈഡ് ആയത് കാരണം റഫറി നിഷേധിച്ചു. തുടർന്ന് ഗോളിന് ആയി യുണൈറ്റഡ് ശ്രമം തുടർന്നപ്പോൾ സ്വന്തം മൈതാനത്ത് ഫുൾഹാമും ഇടക്ക് അവസരങ്ങൾ തുറന്നു. എന്നാൽ ഒനാനയെ വലുതായി പരീക്ഷിക്കാൻ അവർക്ക് ആയില്ല. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യുണൈറ്റഡ് വിജയം കയ്യിലാക്കുക ആയിരുന്നു. പലീന്യോ പാഴാക്കിയ പന്തിൽ നിന്നു പെല്ലിസ്ട്രി നൽകിയ പാസിൽ നിന്നാണ് ബ്രൂണോ മികച്ച ഷോട്ടിലൂടെ ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഫുൾഹാം 14 സ്ഥാനത്ത് ആണ്.