ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിനെ വീഴ്‌ത്തി എത്തിയ അവർ സമീപകാലത്ത് തങ്ങൾ നിരന്തരം തോറ്റിരുന്ന ബ്രൈറ്റണിനെയും ഇന്ന് സ്വന്തം മൈതാനത്ത് വീഴ്ത്തി. 4-2 ന്റെ ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്കും യുണൈറ്റഡ് കയറി. യുണൈറ്റഡ് ആധിപത്യത്തോടെ കണ്ട മത്സരത്തിൽ 24 മത്തെ മിനിറ്റിൽ കാസമിരോയുടെ പാസിൽ നിന്നു മാത്യസ് കുഞ്ഞൃ ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ ഉഗ്രൻ ഷോട്ടിലൂടെയാണ് അവർ ഗോൾ വേട്ട തുടങ്ങിയത്. യുണൈറ്റഡിന് ആയി ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 10 മിനിറ്റിനുള്ളിൽ കാസമിരോയുടെ ശ്രമം ബ്രൈറ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ യുണൈറ്റഡ് മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ സെസ്കോയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് ജയം ഉറപ്പിച്ചു. ഈ ഗോളിന് മുമ്പ് തങ്ങളുടെ താരത്തെ ഫൗൾ ചെയ്തു എന്ന ബ്രൈറ്റൺ വാദം റഫറി അംഗീകരിച്ചില്ല. ജയം ഉറപ്പിച്ച യുണൈറ്റഡിനെ എന്നാൽ ബ്രൈറ്റൺ വിറപ്പിക്കുന്നത് ആണ് തുടർന്ന് കണ്ടത്. 74 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ ഡാനി വെൽബക്ക് ബ്രൈറ്റണിനു ആയി ഒരു ഗോൾ മടക്കി. 92 മത്തെ മിനിറ്റിൽ മിൽനറിന്റെ കോർണറിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ഗ്രീക്ക് താരം കോസ്റ്റോലാസ് ബ്രൈറ്റണിന്റെ രണ്ടാം ഗോൾ നേടിയതോടെ യുണൈറ്റഡ് ഞെട്ടി. എന്നാൽ ഹെവന്റെ പാസിൽ നിന്നു 96 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് നാലാം ഗോളും തുടർച്ചയായ മൂന്നാം ജയവും സമ്മാനിച്ചു.














