ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോർൺമൗതിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ സിറ്റി അവരെ മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്കും കയറി. സീസണിൽ അവിശ്വസനീയം ആയ ഫോമിൽ കളിക്കുന്ന ഏർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകൾ ആണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. സീസണിൽ 10 കളികളിൽ നിന്നു 12 ഗോളുകൾ ഹാളണ്ട് ഇതിനകം നേടിക്കഴിഞ്ഞു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയുടെ ത്രൂ ബോളിൽ നിന്നു ഉഗ്രൻ ഗോൾ കണ്ടെത്തിയ ഹാളണ്ട് സിറ്റിയുടെ ഗോൾ വേട്ട ആരംഭിച്ചു.

എന്നാൽ 25 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ ടെയ്‌ലർ ആദംസ് ബോർൺമൗതിനായി ഗോൾ മടക്കി. 33 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ബോർൺമൗതിന്റെ ഹൈലൈൻ ചെർക്കിയുടെ പാസ് ഭേദിച്ചപ്പോൾ അനായാസം ഗോൾ നേടിയ ഹാളണ്ട് സിറ്റിക്ക് വീണ്ടും മുൻതൂക്കം നൽകി. തുടർന്ന് ഗോളിനായി ബോർൺമൗത് ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കുലുങ്ങിയില്ല. രണ്ടാം പകുതിയിൽ ഫിൽ ഫോഡന്റെ പാസിൽ നിന്നു ഗോൾ നേടിയ നിക്കോ ഒ’റെയിലി മാഞ്ചസ്റ്റർ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. ആസ്റ്റൺ വില്ലയോട് ഏറ്റ പരാജയത്തിൽ നിന്നു സിറ്റിയുടെ മടങ്ങി വരവ് ആയി ഈ ജയം. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിട്ട ശേഷം അടുത്ത ആഴ്ച രണ്ടാം സ്ഥാനക്കാർ ആയ സിറ്റി മൂന്നാമതുള്ള ലിവർപൂളിനെ ആണ് നേരിടുക.














