ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്ററിന്റെ നീലകോട്ടയിലേക്ക് മടങ്ങി. അവസാന മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് കിരീടം നേടാം എന്ന സിറ്റിയുടെ മോഹം നടന്നില്ല എങ്കിലും ഇന്ന് സിറ്റിയുടെ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനോട് പരാജയപ്പെട്ടതോടെ സിറ്റിയുടെ കിരീടം ഉറപ്പായി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.
ഈ പരാജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താൻ കഴിയില്ല എന്ന് ഉറപ്പായി. മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 35 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമാണ് ഉള്ളത്. കഴിഞ്ഞ വർഷം ലിവർപൂളിനു മുന്നിൽ ലീഗിൽ സിറ്റി അടിയറവ് പറഞ്ഞിരുന്നു. ഒരൊറ്റ സീസൺ കൊണ്ട് തന്നെ കിരീടം തിരികെ പിടിക്കാൻ ആയത് ഗ്വാർഡിയോളക്കും ടീമിനും വലിയ സന്തോഷം നൽകും. ഈ സീസൺ അത്ര മികച്ച രീതിയിൽ ആയിരുന്നു സിറ്റി തുടങ്ങിയത്. എങ്കിലും പതിയെ സിറ്റി അവരുടെ മികച്ച ഫോമിലേക്ക് തിരികെയെത്തി. റൂബൻ ഡയസ് ഡിഫൻസിൽ കാഴ്ചവെച്ച പ്രകടനമാകും ഈ സീസണിലെ സിറ്റിയുടെ കിരീടത്തിൽ പ്രധാന പങ്കുവഹിച്ചത്.
സിറ്റിയുടെ ഏഴാം ലീഗ് കിരീടമാണ് ഇത്. അവസാന നാലു വർഷങ്ങൾക്ക് ഇടയിലെ മൂന്നാം കിരീടവും. ഈ സീസണിലെ രണ്ടാം കിരീമാണ് പെപിന് ഇത്. നേരത്തെ സ്പർസിനെ പരാജയപ്പെടുത്തി ലീഗ് കപ്പ് സിറ്റി സ്വന്തമാക്കിയിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും സിറ്റിയുടെ ശ്രദ്ധ.