ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു എഫ്.സി കോപ്പൻഹേഗൻ. ഏർലിംഗ് ഹാളണ്ടിനെ ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ സിറ്റിക്ക് എതിരാളികളുടെ ഗോൾ വല ഭേദിക്കാൻ ആയില്ല. പ്രീമിയർ ലീഗിൽ ലിവർപൂളും ആയുള്ള മത്സരം മുന്നിൽ കണ്ടു ഹാളണ്ടിനെ ഗാർഡിയോള കളത്തിൽ ഇറക്കിയെ ഇല്ല. ആദ്യ 30 മിനിറ്റിൽ വാർ കളിക്കുന്നത് ആണ് കാണാൻ ആയത്. പന്ത്രണ്ടാം മിനിറ്റിൽ റോഡ്രി ഗോൾ നേടിയെങ്കിലും അതിനു മുമ്പ് റിയാദ് മാഹ്രസിന്റെ കയ്യിൽ പന്ത് കൊണ്ടതിനാൽ വാർ ഈ ഗോൾ അനുവദിച്ചില്ല.
25 മത്തെ മിനിറ്റിൽ ബോയിൽസന്റെ ഹാന്റ് ബോളിന് വാർ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായ പെനാൽട്ടി വിധിച്ചു. കോപ്പൻഹേഗൻ ഗോൾ കീപ്പർ കാമിൽ ക്രബാറ എന്നാൽ ഈ പെനാൽട്ടി രക്ഷിച്ചു. അവസാന മുന്നേറ്റനിര താരത്തെ വീഴ്ത്തിയ പ്രതിരോധ താരം സെർജിയോ ഗോമസ് ചുവപ്പ് കാർഡ് കണ്ടതോടെ മുപ്പതാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി പത്ത് പേരായി ചുരുങ്ങി. തുടർന്ന് വലിയ ഗോൾ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ ആവാത്ത സിറ്റി സമനില വഴങ്ങുക ആയിരുന്നു.