ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു ബ്രന്റ്ഫോർഡ്. സ്വന്തം മൈതാനത്ത് 2-2 എന്ന സ്കോറിന് ആണ് ബ്രന്റ്ഫോർഡ് സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും അപകടകരമായ നീക്കങ്ങൾ നടത്തിയ ബ്രന്റ്ഫോർഡ് സിറ്റിയെ നന്നായി പരീക്ഷിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 66 മത്തെ മിനിറ്റിൽ ഡിബ്രുയനെയുടെ പാസിൽ നിന്നു ഫിൽ ഫോഡനിലൂടെ സിറ്റിയാണ് മത്സരത്തിൽ മുന്നിൽ എത്തിയത്.
തുടർന്ന് 78 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ നേടിയ ഫോഡൻ സിറ്റി മുൻതൂക്കം ഇരട്ടിയാക്കി. എന്നാൽ 4 മിനിറ്റിനുള്ളിൽ റോസറസ്ലെവിന്റെ പാസിൽ നിന്നു ഗോൾ നേടിയ വിസ ബ്രന്റ്ഫോർഡിന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് സിറ്റി മത്സരം നിയന്ത്രിച്ചു എങ്കിലും 92 മത്തെ മിനിറ്റിൽ ലൂയിസ് ക്വീൻ പോട്ടറിന്റെ ഉഗ്രൻ ക്രോസ് അതുഗ്രൻ ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ ക്രിസ്റ്റിയൻ നോർഗാർഡ് സിറ്റി ജയം തടഞ്ഞു. തുടർന്ന് എംബുമയുടെ ശ്രമം അകെ ഗോൾ വരക്ക് മുന്നിൽ നിന്നു തടഞ്ഞതിനാൽ ആണ് സിറ്റി തോൽക്കാതെ രക്ഷപ്പെട്ടത്. നിലവിൽ സിറ്റി ലീഗിൽ ആറാമതും ബ്രന്റ്ഫോർഡ് പത്താമതും ആണ്.