2014ലെ ഒരു വെക്കേഷൻ ദിവസം. ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നേരെ എതിർവശത്തുള്ള ഫ്രൂട്ട് കടയിൽ ഒരു ക്ലിപ്പിൽ തൂങ്ങിയാടുന്ന മാതൃഭൂമി സ്പോർട്സ് മാസികയുടെ ലോകകപ്പ് സ്‌പെഷ്യൽ പതിപ്പ്. വാങ്ങണോ വാങ്ങണ്ടേ എന്ന ചിന്തയുടെ ക്ലിപ്പിൽ കുരുങ്ങി എന്റെ മനസ്സും തൂങ്ങിയാടുകയായിരുന്നു അപ്പോൾ. ആശ ആശയക്കുഴപ്പത്തെ മറികടന്ന ഒരു നിമിഷത്തിൽ ഓടിപ്പോയി റോഡ് ക്രോസ് ചെയ്ത് സ്പോർട്സ് മാസിക വാങ്ങിച്ചോണ്ട് പോന്നു. മാസികയുടെ സ്ഥിരം വായനക്കാരനല്ല എങ്കിലും ആ ലക്കത്തിലൊരു മുഴുനീള ഫുട്ബോൾ നോവലുണ്ട് എന്നതായിരുന്നു ആകർഷണം. മലയാളത്തിൽ ഒരു ഫുട്ബോൾ നോവൽ അന്നേവരെ ഇറങ്ങിയതായി കേട്ടിട്ടില്ല. വാങ്ങിയ അന്നുതന്നെ നോവൽ വായിച്ചു തീർത്തു. തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ ‘പാവപ്പെട്ടവരുടെ സ്‌കോളാരി’ എന്ന മനോഹരമായ രചന.
ഒരു കളിമൈതാനം അന്യാധീനപ്പെട്ടു പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ തുടർന്നുണ്ടാകുന്ന അത്യാവേശകരമായ പശ്ചാത്തലത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചുമാണ് നോവലിലെ കഥ. നായകൻ അരവിന്ദനും അയാൾ അണിയിച്ചൊരുക്കുന്ന ടീമും വായനക്കാരെ അനുനിമിഷം ആവേശം കൊള്ളിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ ദുര്യോധനനുമായി ഉണ്ടാകാനിടയുള്ള ദ്വന്ദയുദ്ധത്തെ പറ്റി, വനവാസത്തിലായിരുന്ന പതിമൂന്ന് വർഷവും ദിനചര്യയെന്നോണം പകൽസ്വപ്നം കാണുന്ന ഭീമനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട് ‘രണ്ടാമൂഴ’ത്തിൽ. അതിനോട് സാമ്യത അനുഭവപ്പെടുന്ന രംഗങ്ങൾ ആവോളമുണ്ട് ‘സ്‌കോളാരി’യിൽ. അരവിയും കുട്ടികളും വരാനിരിക്കുന്ന നിർണായക മത്സരത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളും മാനസിക വ്യാപാരങ്ങളും വായനക്കാരെ നോവലിലേക്ക് വലിച്ചടുപ്പിക്കുന്നു. അത്രയും കാലം വായിച്ചതിൽ വച്ചേറ്റവും ആവേശം കൊള്ളിച്ചവയിലൊന്നായിരുന്നു ‘പാവപ്പെട്ടവരുടെ സ്‌കോളാരി’. അറിവിൽ പെട്ടിടത്തോളം മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവൽ. ‘സ്‌കോളാരി’ വായിക്കാൻ താൽപര്യമുള്ളവർക്ക് ഈ ലിങ്ക് സന്ദർശിക്കാം:
https://digital.mathrubhumi.com/284221/Sports-Masika/Sports-2014-June#dual/1/1
ഫുട്ബോളിന്റെ താളത്തിൽ എഴുതപ്പെട്ട കഥയാണ് എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ’. സെവൻസും ഹിഗ്വിറ്റയും കൊളംബിയയുമെല്ലാം കഥയിൽ കടന്നുവരുന്നുണ്ടെങ്കിലും അതൊക്കെ കഥയുടെ ഭാഷയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തി എന്നാണ് വായനാനുഭവം; ഇതിവൃത്തം മറ്റൊന്നാണ്. എങ്കിലും കാൽപന്തിന്റെ ദ്രുതതാളവും ആവേശോജ്ജ്വലതയും കഥ തീരും വരെയും വായനക്കാർക്ക് ദർശിക്കാം. ഉള്ളിൽ തിളയ്ക്കുന്ന ഫുട്ബോൾ വീര്യം ഗീവർഗീസച്ചനെ പള്ളിമേടയുടെ സേഫ്സോണിൽ നിന്ന് ഒരു പ്രശ്ന പരിഹാരത്തിനായി പുറത്തേക്ക് നടത്തുന്നു, കൊളംബിയൻ ഗോൾകീപ്പർ റെനേ ഹിഗ്വിറ്റ മൈതാനമധ്യത്തിലേക്ക് പന്തും തട്ടി വരുന്നതിനു സമാനമായി. തൊണ്ണൂറുകളിലെ ആദ്യപകുതിയിൽ രചിക്കപ്പെട്ടതാണീ കഥ. കഥ ഉൾപ്പെട്ട പുസ്തകം വാങ്ങാൻ:
https://dcbookstore.com/books/higutta
മലയാള സാഹിത്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്പോർട്സ് പ്രമേയമാകുന്ന പരീക്ഷണങ്ങളൊന്നും കാര്യമായി കണ്ടിട്ടില്ല. ഇതെഴുതുന്നയാളുടെ അറിവിൽ അടുത്ത കാലത്തായി അടിമുടി ഫുട്ബോളായ ഒരു കഥ കാണുന്നത് ‘എക്സ്ട്രാടൈം’ മാഗസിന്റെ 2021 ജൂൺ ലക്കത്തിലാണ്. ‘ഫൈനൽ വിസിൽ’ എന്ന കഥ. അബ്ദുൽ റസാക്ക് സൗത്ത്സോക്കേഴ്‌സ് ആവേശത്തിന്റെ മഷിപ്പാത്രത്തിൽ പേനമുക്കിയെഴുതിയ രചന. വയോധികനായ ഒരു പരിശീലകനും, അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന മറ്റൊരു യുവപരിശീലകനും തമ്മിൽ ഐ എസ് എൽ ഫൈനലിൽ മാറ്റുരക്കുന്ന കഥയിൽ ഉടനീളം ഉദ്വേഗവും ആവേശവും ചാലിച്ചിരിക്കുന്നു. കഥ സൗജന്യമായി വായിക്കാം:
https://bit.ly/etjune21
2019ൽ ‘എക്സ്ട്രാ ടൈം’ മാഗസിന്റെ ഫേസ്ബുക്ക് പേജിൽ ആഴ്ചതോറും ഓരോ അധ്യായങ്ങളായി പ്രസിദ്ധീകരിച്ച ‘യുഗാരംഭം’ നോവൽ ഈ വർഷം ജനുവരിയിൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിരുന്നു. അബ്ദുൽറസാക്ക് സൗത്ത്സോക്കേഴ്‌സ് തന്നെയാണ് രചന. എഫ് ബി പേജിൽ പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച അഭൂതപൂർവ്വമായ പിന്തുണയിൽ നിന്നും പ്രചോദനം കണ്ടെത്തിയാണ് നോവൽ പുസ്തകരൂപം പ്രാപിച്ചത്. ഇന്ത്യൻ ദേശീയ ഫുട്ബോൾ പ്രമേയമാകുന്ന നോവൽ എന്ന പ്രത്യേകത കൂടി ‘യുഗാരംഭ’ത്തിനുണ്ട്. ഐ എം വിജയൻ, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി മുതൽ രാഹുൽ കെ പി, ധീരജ് സിങ്, ശബാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിന് സുപരിചിതരായ താരങ്ങൾ നോവലിൽ കഥാപാത്രങ്ങളായി എത്തുന്നു. ലോകകപ്പ് യോഗ്യതയുടെ അവസാനമത്സരത്തിൽ ഇന്ത്യ ജപ്പാനുമായി ഏറ്റുമുട്ടുന്ന തൊണ്ണൂറ് മിനുട്ടുകളാണ് കഥ. കളത്തിലെ ഓരോ സ്പന്ദനങ്ങളെയും ഒപ്പിയെടുത്ത് വിവരിക്കുന്ന കഥപറച്ചിൽ വായനക്കാരെയും സാൾട്ട്ലേക്കിലേക്ക് ഒപ്പം കൂട്ടുന്നു. പുസ്തകം വാങ്ങാം:
https://www.extratimemagazine.com/novel/yugarambham
കായികസ്പർശമുള്ള മറ്റുചില സാഹിത്യ സൃഷ്ടികൾ ഇവയ്ക്ക് മുൻപും ശേഷവും ഉണ്ടായിട്ടുണ്ട്. ഭാസി മലാപ്പറമ്പിന്റെ ‘സുഷമയുടെ ഒളിമ്പിക് പർവം’, കെ എൽ മോഹനവർമ്മയുടെ ‘ഗോൾ’, കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ തുടങ്ങിയവയാണ് മുൻപേ ഇറങ്ങിയവ. ഈയടുത്തായി ഇ സന്തോഷ് കുമാറിന്റെ ‘ഏഴാമത്തെ പന്ത്’ എന്ന നോവൽ പുറത്തിറങ്ങി.
കഴിഞ്ഞ ദിവസം രമേശൻ മുല്ലശ്ശേരി രചിച്ച ‘ഷൂട്ടൗട്ട്’ നോവൽ പ്രകാശിതമായി. ആ നോവലിന്റെ കവറിലുള്ള ടാഗ് ലൈനാണ് ഈ ലേഖനമെഴുതാനുള്ള സ്പാർക്ക്. മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവൽ എന്നാണ് പ്രസാധകരായ മാതൃഭൂമി ബുക്സ് ‘ഷൂട്ടൗട്ടി’ന് നൽകിയ നൽകിയ ടാഗ്‌ലൈൻ. 2021 ൽ ഒരു ആനുകാലികപ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരികയും ഇക്കഴിഞ്ഞ വാരം പുസ്തകമാവുകയും ചെയ്ത ഷൂട്ടൗട്ട് എങ്ങനെയാണ് മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവലാകുന്നത്? ഇതിനു മുൻപ്, 2019 ൽ പ്രസിദ്ധീകരിക്കുകയും 2022 ജനുവരിയിൽ പുസ്തകമാവുകയും ചെയ്ത ‘യുഗാരംഭം’ ഉണ്ട്. പോരെങ്കിൽ 2014 ൽ മാതൃഭൂമിയുടെ തന്നെ സ്‌പോർട്സ് മാസികയിൽ പ്രസിദ്ധീകരിച്ച ‘പാവപ്പെട്ടവരുടെ സ്‌കോളാരി’ ഉണ്ട്. മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ എന്ന ടാഗ് അർഹിക്കുന്നത് മിക്കവാറും ആ നോവലായിരിക്കും. തങ്ങളുടെ തന്നെ പ്രസിദ്ധീകരണത്തിൽ വന്ന ഒരു നോവൽ അർഹിക്കുന്ന ടാഗ് ലൈനാണ് മാതൃഭൂമി ബുക്സ് എട്ടുവർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ നോവലിന് പതിച്ചുനല്കുന്നത് എന്ന വിരോധാഭാസത്തിന് മുന്നിൽ കണ്ണടക്കുക വയ്യ. സവിശേഷത ചാർത്തുമ്പോൾ പ്രസാധകർ ആവശ്യമായ സൂക്ഷ്‌മപരിശോധനകൾ നടത്തിയാൽ വെറുതെ എയറിൽ കയറുന്നത് ഒഴിവാക്കാം എന്ന് മാത്രമേ പറയാനുള്ളൂ.
ഈയൊരു കാരണത്താൽ മാത്രമായി തിളക്കമറ്റതാകുന്നില്ല ‘ഷൂട്ടൗട്ട്’ എന്നുകൂടെ പറയേണ്ടതുണ്ട്. ഇന്ത്യൻ ഫുട്ബോൾ നിർണായകമായ ദശാസന്ധിയിലൂടെ കടന്നുപോകുമ്പോൾ മലയാളത്തിൽ ഒരു ഫുട്ബോൾ നോവൽ പുറത്തിറങ്ങുന്നു എന്ന വർത്തമാനത്തിന്റെ സന്തോഷം ചെറുതല്ല. പുസ്തകത്തിന് ധാരാളം വായനകളുണ്ടാകട്ടെ എന്നാശംസിക്കുന്നു.