ഐ എസ് എല്ലിൽ ഇന്ന് ഈ സീസണിലെ ആദ്യ മഹാ ഡെർബി. മുംബൈ അരീനയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി പൂനെ സിറ്റിയെ നേരിടും. ഇരുടീമുകളും ഇതുവരെ ഒരു മത്സരം ജയിച്ചിട്ടില്ല എന്നതു കൊണ്ട് ജയം തന്നെ ആകും ലക്ഷ്യം. ഇന്ന് സ്റ്റാർ സ്ട്രൈക്കർ മാർസലീനോ തിരിച്ച് എത്തും എന്നത് പൂനെ സിറ്റിയുടെ കരുത്ത് കൂട്ടും. ആദ്യ മത്സരത്തിൽ സസ്പെൻഷൻ കാരണം മാർസലീനോയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ആദ്യ മത്സരത്തിൽ ഡെൽഹിയോട് സമനില വഴങ്ങി എങ്കിലും മികച്ച പ്രകടനമായിരുന്നു പൂനെ സിറ്റി കാഴ്ചവെച്ചത്. മലയാളി താരം ആഷിഖ് കുരുണിയനും വിദേശ ഫോർവേഡ് ആൽഫാരോയും പൂനെക്കായി മികച്ചു നിന്നിരുന്നു. ഇന്ന് മാർസലീനോ കൂടെ എത്തുന്നതോടെ പൂനെ സിറ്റിയുടെ അറ്റാക്കിങ് നിര ഏതു ഡിഫൻസിനെയും വിറപ്പിക്കുന്നതാകും.
മറുവശത്ത് മുംബൈ സിറ്റി രണ്ട് മത്സരങ്ങളിൽ ഒരു പോയന്റുമായി നിൽക്കുകയാണ്. ജംഷദ്പൂരിനെതിരെ തോറ്റ മുംബൈക്ക് കേരളത്തിനെതിരെ സമനില ലഭിച്ചത് ഒരു അത്ഭുത ഗോളിന്റെ ബലത്തിൽ മാത്രമായിരുന്നു.
ഹെഡ് ടു ഹെഡിൽ പൂനെയ്ക്കാണ് മുൻതൂക്കം. 8 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ അഞ്ചിലിം പൂനെക്കായിരുന്നു ജയം. ഈ സീസണിൽ ഹോം ടീമുകളുടെ റെക്കോർഡ് മോശമാണ് ഇതുവരെ എന്നതും പൂനെക്ക് പ്രതീക്ഷ നൽകുന്നു.