മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നലത്തെ വൻ പരാജയത്തിനു ശേഷം യുണൈറ്റഡ് ക്ലബിൽ നിന്ന് വരുന്നത് വിവാദ വാർത്തകൾ ആണ്. ഇന്നലെ സ്പർസിനെതിരായ മത്സരത്തിന്റെ ഇടവേളയ്ക്ക് പിരിഞ്ഞപ്പോൾ അവരുടെ പ്രധാന താരമായ ബ്രൂണൊ ഫെർണാണ്ടസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സബ് ചെയ്തിരുന്നു. എന്നാൽ ഇത് ടാക്ടിക്കൽ കാരണം കൊണ്ടല്ല എന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിനെതിരെ ബ്രൂണൊ ഫെർണാണ്ടസ് തട്ടി കയറിയതാണ് താരത്തെ പിന്നീട് ഇറക്കാതിരുന്നത് എന്നാണ് വാർത്തകൾ വരുന്നത്.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു ഗോളുകൾ വഴങ്ങിയിരുന്നു. ഈ ഗോളുകളിൽ മൂന്നിലും ഹാരി മഗ്വയറിന്റെ വലിയ പിഴവ് തന്നെ ഉണ്ടായിരുന്നു. ആദ്യ പകുതി കഴിഞ്ഞ് ഇടവേളയ്ക്ക് ഡ്രസിംഗ് റൂമിൽ എത്തിയ ബ്രൂണൊ ഫെർണാണ്ടസ് മഗ്വയറിനെതിരെ തട്ടി കയറിയതായാണ് വിവരം. മഗ്വയറിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി അണിയാനുള്ള യാതൊരു അർഹതയും മഗ്വയറിന് ഇല്ല എന്ന് ബ്രൂണോ പറഞ്ഞത് വലിയ സംഘർഷം തന്നെ ഡ്രസിങ് റൂമിൽ ഉണ്ടാക്കി. ബ്രൂണോയെ തണുപ്പിക്കാൻ കഴിയാതെ അവസാനം താരത്തെ സബ്ബ് ചെയ്യാൻ ഒലെ തീരുമാനിക്കുകയായിരുന്നു.
റെഡ് വാങ്ങിയ മാർഷ്യലിനൊപ്പം ഡ്രസിങ് റൂമിലാണ് ബ്രൂണോ രണ്ടാം പകുതി ചിലവഴിച്ചത്. പരാജയപ്പെടുന്നത് ഒട്ടും ഇഷ്ടമല്ലാത്ത ബ്രൂണോ മുമ്പ് സ്പോർടിംഗിൽ ആയിരുന്നപ്പോൾ ക്ലബ് പരാജയപ്പെട്ടതിന്റെ രോഷം ഡ്രസിംഗ് റൂമിലെ വാതിലുകൾ ചവിട്ടി തകർത്തായിരുന്നു കാണിച്ചത്. ആ വീഡിയോകൾ മുമ്പ് സാമൂഹിക മാധ്യമത്തിൽ നിറഞ്ഞു നിന്നിരുന്നു. എന്തായാലും ബ്രൂണോയുടെ മഗ്വയർ വിമർശനം ആരാധകർക്ക് സന്തോഷമാണ് നൽകുന്നത്. ആരാധകരിൽ ഭൂരിഭാഗത്തിനും മഗ്വയറിനെതിരെ ഇതേ അഭിപ്രായമാണ് ഉള്ളത്.