ബെൽജിയൻ സ്ട്രൈക്കർ ലുകാകു ഇനി ഇന്റർ മിലാനു വേണ്ടി ഗോൾ അടിക്കും. 80 മില്യണോളം നൽകിയാണ് ഇന്റ്ർ മിലാൻ ലുകാകുവിനെ സ്വന്തമാക്കിയിരിക്കുന്നത്. 300000 ഡോളർ ആഴ്ച വേതനം ലഭിക്കുന്ന വമ്പൻ കരാറാണ് ഇന്റർ മിലാനിൽ ലുകാകു ഒപ്പുവെച്ചത്. ഇന്ന് ബെൽജിയത്തിൽ നിന്ന് മിലാനിൽ എത്തിയ താരം മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കുകയായിരുന്നു.
ഇക്കാർഡിക്ക് പകരക്കാരനായാണ് ലുകാകു എത്തിയിരുക്കുന്നത്. ഇന്റർ പരിശീലകൻ കൊണ്ടെയുടെ ഇഷ്ട താരം കൂടിയാണ് ലുകാകു. അതാണ് ഇത്ര വലിയ തുക നൽകി ഇന്റർ ലുകാകുവിനെ സ്വന്തമാക്കിയത്. ലുകാകു എത്തിയതോടെ ഇക്കാർഡിയെ വിൽക്കും എന്നതും ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിൽ നിന്ന് രണ്ട് വർഷം മുമ്പായിരുന്നു ലുകാകുവിനെ വാങ്ങിയത്. ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും രണ്ടാം സീസണിൽ യുണൈറ്റഡിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാൻ ലുകാകുവിനായില്ല. സോൾഷ്യാർ പരിശീലകനായതോടെ ക്ലബിൽ അവസരവും കുറഞ്ഞു. അതോടെ ക്ലബ് വിടാനുള്ള ആഗ്രഹം താരം പരസ്യമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ മത്സരങ്ങളിൽ ഒന്നും ലുകാകു കളിച്ചിരുന്നില്ല. മാത്രമല്ല അവസാന രണ്ട് ദിവസമായി യുണൈറ്റഡിനൊപ്പം താരം പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല. മുമ്പ് ചെൽസിയിലും കളിച്ചിട്ടുള്ള താരമാണ് ലുകാകു. ബെൽജിയത്തിനായി ഗോളടിച്ചു കൂട്ടാറുള്ള ലുകാകു ഇറ്റലിയിലും തന്റെ സ്കോറിങ് ബൂട്ട് കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.