ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിന്റെ എല്ലാ താരങ്ങളും ഹീറോ ആയിരുന്നു എങ്കിൽ ലൂകാസ് മോറ സൂപ്പർ ഹീറോ ആണെന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. ഇന്ന് രണ്ടാം പകുതിയിൽ ഹാട്രിക്ക് നേടിക്കൊണ്ട് ലൂകാസ് മോറ ആയിരുന്നു ടോട്ടൻഹാമിനെ സ്വപ്ന ഫൈനലിലേക്ക് എത്തിച്ചത്. ടോട്ടൻഹാം ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്.
കഴിഞ്ഞ സീസണിൽ പി എസ് ജി ഉപേക്ഷിച്ച അവസരത്തിൽ ആയിരുന്നു ലൂകാസ് മോറയെ ടോട്ടൻഹാം വാങ്ങിയത്. ആ മോറ ഇന്ന് സ്പർസിനു വേണ്ടി ചരിത്രമെഴുതി. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലോ ഫൈനലിലോ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരം മാത്രമാണ് മോറ. ലൂകാസ് ഈ ഹാട്രിക്കും സന്തോഷവും അർഹിക്കുന്നു എന്ന് പോചടീനോ പറഞ്ഞു. ലൂകാസ് അത്ര മികച്ച വ്യക്തിത്തം ആണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ലൂകാസ് മോറയ്ക്ക് ടോട്ടൻഹാം സ്റ്റേഡിയത്തിനു പുറത്ത് ആദര സൂചകമായി പ്രതിമ പണിയണം എന്നായിരുന്നു എറിക്സന്റെ വാക്കുകൾ. അതല്ലാതെ ഈ പ്രകടനത്തെ ബഹുമാനിക്കാൻ ഒന്നും ചെയ്യാനില്ല എന്നും എറിക്സൺ പറഞ്ഞു.