അനായാസം ജയിക്കേണ്ട കളി അവസാന ഓവറുകളില്‍ കൈവിട്ടുവെന്ന് തോന്നിപ്പിച്ചുവെങ്കിലും കെഎല്‍ രാഹുല്‍ പതറാതെ നിന്നപ്പോള്‍ ഒരു പന്ത് അവശേഷിക്കെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 6 വിക്കറ്റ് ജയം. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണമെന്ന ഘട്ടത്തില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ജയത്തിലേക്ക് നീങ്ങിയത്.
ഗെയിലടിയ്ക്ക് അധികം ആയുസ്സിലായിരുന്നുവെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് കെഎല്‍ രാഹുലും മയാംഗ് അഗര്‍വാലും നയിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഇന്ന് സണ്‍റൈസേഴ്സിന്റെ 150 റണ്‍സ് പിന്തുടരാനിറങ്ങിയ പഞ്ചാബിനു വേണ്ടി ക്രിസ് ഗെയില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി മൂന്നാം ഓവര്‍ കഴിഞ്ഞുടനെ തന്നെ പുറത്തായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ മയാംഗിനെയും മില്ലറെയും പഞ്ചാബിനു നഷ്ടമായെങ്കിലും ജയം ടീമിനൊപ്പം നിന്നു.
ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കിംഗ്സ് ഇലവനെ നാലാം വിജയത്തിനു അരികിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. യഥേഷ്ടം റണ്‍സ് നേടി സ്കോറിംഗ് മുന്നോട്ട് നീക്കിയ കൂട്ടുകെട്ട് ലക്ഷ്യം അവസാന നാലോവറില്‍ 32 റണ്‍സാക്കി കുറച്ചിരുന്നു.
ലക്ഷ്യം മൂന്നോവറില്‍ 19 റണ്‍സായിരുന്നപ്പോള്‍ മയാംഗ് അഗര്‍വാലിനെ ടീമിനു നഷ്ടമായതിനു പിന്നാലെ അതേ ഓവറില്‍ ഡേവിഡ് മില്ലറെയും സന്ദീപ് ശര്‍മ്മ പുറത്താക്കി. അവസാന രണ്ടോവറില്‍ നിന്ന് 16 റണ്‍സ് ജയിക്കുവാന്‍ വേണ്ട ഘട്ടത്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ ഓവറില്‍ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി മന്ദീപ് സിംഗിനെ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 11 റണ്‍സായി മാറി.
അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നബിയുടെ ആദ്യ രണ്ട് പന്തില്‍ നിന്ന് ഡബിള്‍ നേടിയ സാം കറന്‍ മൂന്നാം പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് കെഎല്‍ രാഹുലിനു നല്‍കി. നാലാം പന്തില്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടി കെഎല്‍ രാഹുല്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി മാറ്റി. അടുത്ത പന്തില്‍ ഡേവിഡ് വാര്‍ണറുടെ മിസ് ഫീല്‍ഡ് മുതലാക്കി രണ്ടോടി വിജയം കുറിയ്ക്കുവാന്‍ രാഹുലിനും സാം കറനുമായി.
മയാംഗ് അഗര്‍വാല്‍ 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയപ്പോള്‍ കെഎല്‍ രാഹുല‍് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നു. സാം കറന്‍ നിര്‍ണ്ണായകമായ അഞ്ച് റണ്‍സുമായി പുറത്താകാതെ രാഹുലിനു അവസാന ഓവറില്‍ മികച്ച പിന്തുണ നല്‍കി.