ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ലിവർപൂൾ. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ലിവർപൂൾ തോൽപ്പിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 2 പോയിന്റുകൾ പിന്നിൽ രണ്ടാം സ്ഥാനത്ത് ആണ് അവർ. മത്സരത്തിൽ ലിവർപൂൾ ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ നിമിഷങ്ങളിൽ ലഭിച്ച 2 അവസരങ്ങൾ വെസ്റ്റ് ഹാം പാഴാക്കിയപ്പോൾ 16 മത്തെ മിനിറ്റിൽ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മൊ സലാഹ് ലിവർപൂളിനു ആദ്യ ഗോൾ സമ്മാനിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പക്ഷെ വെസ്റ്റ് ഹാം മത്സരത്തിൽ ഒപ്പമെത്തി. കൗഫലിന്റെ ക്രോസിൽ നിന്നു ഡൈവിങ് ഹെഡറിലൂടെ 42 മത്തെ മിനിറ്റിൽ ജെറോഡ് ബോവൻ ആണ് അവരുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആൻഫീൽഡിൽ കളി ജയിക്കുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. വെസ്റ്റ് ഹാമിൽ നിന്നു പന്ത് പിടിച്ചെടുത്ത മക് അലിസ്റ്റർ നൽകിയ പാസിൽ നിന്നു വോളിയിലൂടെ ഗോൾ നേടിയ ഡാർവിൻ നുനസ് അവർക്ക് മുൻതൂക്കം സമ്മാനിച്ചു. 85 മത്തെ മിനിറ്റിൽ വാൻ ഡെയ്ക് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ഡീഗോ ജോട ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു.














