ലിവർപൂൾ ഈ സീസൺ തുടക്കം മുതൽ കഷ്ടപ്പെടുകയായിരുന്നു. ലീഗിൽ ഒരു മത്സരത്തിൽ ബൗണ്മതിനെതിരെ 9 ഗോളുകൾ അടിച്ചത് കൊണ്ട് ആ പ്രകടനങ്ങളും വിമർശനങ്ങളും ഒക്കെ തൽക്കാലം മറക്കാൻ ലിവർപൂളിന് ആയിരുന്നു. എന്നാൽ ഇന്ന് നാപൾസിൽ ലിവർപൂളിന്റെ എല്ലാ ബലഹീനതകളും ലോകം കണ്ടു. നാപോളിയോട് 4-1ന്റെ വലിയ പരാജയം തന്നെ ക്ലോപ്പിന്റെ ടീം നേരിട്ടു.
ഇന്ന് ആദ്യ പകുതിയിൽ ലിവർപൂൾ നടത്തിയ പ്രകടനം ക്ലോപ്പിന്റെ കീഴിൽ ലിവർപൂൾ നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാകും. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ പോയി. അത് മൂന്നിൽ നിന്നത് ലിവർപൂളിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.
അഞ്ചാം മിനുട്ടിൽ മിൽനറിന്റെ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി സിയെലിൻസ്കി വലയിൽ എത്തിച്ചു. 18ആം മിനുട്ടിൽ വീണ്ടും നാപോളിക്ക് ഒരു പെനാൾട്ടി. ഇത്തവണ ഒസിമനാണ് കിക്ക് എടുത്തത്. ഒസിമന്റെ കിക്ക് പക്ഷെ അലിസൺ തടഞ്ഞു. അതുകൊണ്ട് മാത്രം ഗോളുകൾ നിന്നില്ല.
31ആം മിനുറ്റിൽ അംഗുയിസയുടെ ഫിനിഷ് നാപോളിയെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു. ഈ ഗോൾ ലിവർപൂൾ ഡിഫൻസിനെ ആകെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നതായിരുന്നു. ഇതിനു ശേഷം ഒസിമന് പരിക്കേറ്റതിനാൽ സബ്ബായി എത്തിയ സിമിയോണിയും ഗോൾ നേടി. ഇതോടെ നാപോളി 3-0ന് മുന്നിൽ.
രണ്ടാം പകുതിയും നാപോളി ഗോളുമായി തുടങ്ങി. 47ആം മിനുട്ടിൽ സിയെലെൻസ്കിയുടെ രണ്ടാമത്തെ ഗോൾ. സ്കോർ 4-0. ഇതിനു ശേഷം ലൂയിസ് ഡയസിലൂടെ ഒരു ഗോൾ മടക്കി ലിവർപൂൾ 4-1 എന്ന നിലയിലേക്ക് കളി എത്തിച്ചു. ഇതിനു ശേഷം ലിവർപൂൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു. അധികം കഷ്ടപ്പെടാതെ തന്നെ രണ്ടാം പകുതിയിൽ നാപോളിക്ക് വിജയം ഉറപ്പിക്കാൻ ആയി.
.