ലിവർപൂൾ മധ്യനിര താരം ടൈലർ മോർട്ടൻ ഏകദേശം 15 മില്യൺ പൗണ്ടിന്റെ കരാറിൽ ഒളിമ്പിക് ലിയോണിലേക്ക് മാറിയതായി ലിവർപൂൾ ഔദ്യോഗികമായി അറിയിച്ചു. ഈ വേനൽക്കാലത്ത് ഇംഗ്ലണ്ടിന്റെ അണ്ടർ-21 യൂറോ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു 22-കാരനായ മോർട്ടൻ. ലിവർപൂളിന് ഭാവിയിൽ താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ 20% ലഭിക്കുന്നതിനുള്ള വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിവർപൂൾ അക്കാദമിയിലൂടെ വളർന്നുവന്ന മോർട്ടൻ, റെഡ്സിനായി 14 സീനിയർ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. എന്നാൽ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ താരത്തിന് സ്ഥിരമായി അവസരങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും കൂടി അഞ്ച് തവണ മാത്രമാണ് താരം കളിച്ചത്, പ്രീമിയർ ലീഗിൽ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഇത് താരത്തെ നിരാശനാക്കിയിരുന്നു.
നേരത്തെ ഹൾ സിറ്റിയിലും ബ്ലാക്ക്‌ബേൺ റോവേഴ്‌സിലും ലോൺ വ്യവസ്ഥയിൽ കളിച്ചിട്ടുള്ള മോർട്ടൻ, സ്ഥിരമായി കളിക്കാൻ അവസരം തേടിയാണ് ഫ്രാൻസിലേക്ക് പോകുന്നത്.