അങ്ങനെ 30 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ലിവർപൂൾ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇന്ന് നടന്ന സീസണിലെ അവസാനത്തെ ഹോം മത്സരത്തിൽ ആൻഫീൽഡിൽ വെച്ച് ഒരു ത്രില്ലറിൽ ചെൽസിയെ തകർത്തെറിഞ്ഞ് കൊണ്ടായിരുന്നു ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ ലമ്പാർഡിന്റെ ടീമിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ന് ലിവർപൂൾ തോൽപ്പിച്ചത്. ഗോൾ വർഷം തന്നെ ഇന്ന് ആൻഫീൽഡിന് കാണാനായി.
എഫ് എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കാണിച്ച മികവ് ഇന്ന് തുടക്കത്തിൽ പുറത്തെടുക്കാൻ ചെൽസിക്ക് ഇന്നായില്ല. ആദ്യ 43 മിനുട്ടിൽ തന്നെ ചെൽസി മൂന്ന് ഗോളുകൾക്ക് പിറകിലായി. നാബി കെറ്റയുടെ ഒരും ഗംഭീര സ്ട്രൈക്കിലൂടെയാണ് ലിവർപൂൾ ലീഡ് എടുത്തത്. ബോക്സിന് പുറത്തായിരുന്നു കെറ്റയുടെ സ്ട്രൈക്ക്. പിന്നാലെ ഒരു സുന്ദര ഫ്രീകിക്കുലൂടെ അർനോൾഡ് ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.
43ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് വൈനാൾഡമാണ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം ജിറൂഡിലൂടെ ചെൽസി ഒരു ഗോൾ മടക്കി ചെൽസിക്ക് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിലും ആൻഫീൽഡിൽ ഗോൾ ഒഴുകി. 55ആം മിനുട്ടിലെ ഫർമീനോ ഗോൾ ലിവർപൂളിനെ 4-1ന് മുന്നിൽ എത്തിച്ചു.
പിന്നീട് ലമ്പാർഡ് നടത്തിയ സബ്സ്റ്റിട്യൂഷൻ കളി മാറ്റി. പുലിസിക് സബ്ബായി വന്ന് ഒരു അസിസ്റ്റും ഒരു ഗോളും നേടി കളി 4-3 എന്നാക്കി. ടാമി അബ്രഹാമായിരുന്നു പുലിസിക് ഒരുക്കിയ ഗോൾ അടിച്ച് ലിവർപൂളിനെ സമ്മർദ്ദത്തിലാക്കിയത്. പക്ഷെ ഒരു ഓക്സ് ചാമ്പെർലിൻ ഗോൾ വീണ്ടും ലിവർപൂളിന് ശ്വാസം നൽകി. കളി 5-3ന് ലിവർപൂൾ വിജയിക്കുകയും ചെയ്തു.
ഈ വിജയത്തിനു ശേഷം ലിവർപൂൾ ആൻഫീൽഡിൽ പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങി. എന്നാൽ ഇന്നത്തെ തോൽവി ചെൽസിക്ക് വലിയ തിരിച്ചടിയാണ്. അവർ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിറകിലായി. നാലാം സ്ഥാനത്ത് ആണ് ഇപ്പോൾ ചെൽസി ഉള്ളത്. അവസാന മത്സരത്തിൽ വോൾവ്സൊനെതിരെ ഒരു പോയന്റ് എങ്കിലും നേടിയാലെ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ആകു. അല്ലായെങ്കിൽ അവർക്ക് ലെസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫലത്തിനായി കാത്തിരിക്കേണ്ടി വരും.