അവസാനം ലിവർപൂൾ മിഡ്ഫീൽഡിലേക്ക് ഒരു താരം, ആർതുർ മെലോ വരുന്നു

20220901 141026

ഒരു മധ്യനിര താരത്തിനായുള്ള ലിവർപൂളിന്റെ അന്വേഷണം ആർതുർ മെലോയിൽ എത്തി നിൽക്കുകയാണ്‌‌. യുവന്റസ് താരം ആർതുറിനെ ലിവർപൂൾ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ലോണിൽ ആകും ലിവർപൂൾ സ്വന്തമാക്കുക. ആർതുറിന്റെ ഉയർന്ന വേതനത്തിന്റെ വലിയ ശതമാനം യുവന്റസ് തന്നെ നൽകും എന്നാണ് സൂചന. ഇന്ന് തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന രാത്രിയാണ് ഇന്ന്.

മുമ്പ് ബാഴ്സലോണക്ക് ഒപ്പം ലാലിഗയിൽ തിളങ്ങിയിട്ടുള്ള താരമാണ് ആർതുർ. ആർതുറിനെ കഴിഞ്ഞ ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. മൂന്ന് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാരണം താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല.