മ്യൂണിക്കിൽ ലിവർപൂളിന്റെ വിളയാട്ട്!! ബയേൺ നാണംകെട്ട് പുറത്ത്

Newsroom

ഇംഗ്ലീഷ് ക്ലബുകളുടെ ചാമ്പ്യൻസ് ലീഗിലെ അത്ഭുത പ്രകടനം തുടരുന്നു. ഇന്ന് ജർമ്മനിയിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തകർത്ത് കൊണ്ട് ലിവർപൂൾ ക്വാർട്ടറിലേക്ക് കടന്നു. ലിവർപൂളിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതിനാൽ ഇന്ന് കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് ബയേൺ മ്യൂണിക്കിനായിരുന്നു. എന്നാൽ ആ സാധ്യതകളൊന്നും ക്ലോപ്പിന്റെ ടീമിനെതിരെ നിലനിന്നില്ല.

ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അലയൻസ് അരീനയിൽ ലിവർപൂൾ വിജയിച്ചത്. കളിയുടെ 26ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ വീണത്. വാൻ ഡൈക് നൽകിയ പാസ് സ്വീകരിച്ച മാനെ ബയേൺ ഗോൾകീപ്പർ നൂയറിനെ കബളിപ്പിച്ച് ആളില്ലാത്ത ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. ആ ഗോളിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ ബയേണ് ആയി.

39ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബയേൺ ലിവർപൂളിനൊപ്പം എത്തി. ഗ്നാബിറിയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലിൽ തട്ടി ലിവർപൂൾ വലയിലേക്ക് വീഴുകയായിരുന്നു. രണ്ടാം പകുതിയിൽ കളി കുറച്ചു കൂടെ മെച്ചപ്പെടുത്താൻ ലിവർപൂളിനായി‌ വാൻഡൈക് നിയന്ത്രിക്കുന്ന ഡിഫൻസിനെ ഒന്ന് പരീക്ഷിക്കാൻ വരെ ബയേണായില്ല. ഒരു വശത്ത് മികച്ച ഡിഫൻഡിംഗ് കാഴ്ചവെച്ച വാൻ ഡൈക് കളിയുടെ 69ആം മിനുട്ടിൽ മറുവശത്ത് ചെന്ന് ഗോളടിച്ച് ലിവർപൂളിന്റെ ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.

69ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു വാൻഡൈകിന്റെ ഗോൾ. സ്കോർ 2-1. അവിടെ നിന്നില്ല ലിവർപൂൾ. വീണ്ടും ബയേൺ ഡിഫൻസിനെ കീഴ്പ്പെടുത്താൻ ലിവർപൂളിനായി. 83ആം മിനുട്ടിൽ മാനെ ആണ് വീണ്ടും ബയേൺ വല കുലുക്കിയത്. സലാ നൽകിയ അത്ഭുത ബോൾ ഹെഡ് ചെയ്ത് മാനെ സ്കോർ 3-1 എന്നാക്കുകയായിരുന്നു.

ലിവർപൂളിന്റെ വിജയത്തോടെ ചാമ്പ്യൻസ് ലെഗ് ക്വാർട്ടറിൽ നാലു ഇംഗ്ലീഷ് ടീമുകളായി. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരും ക്വാർട്ടറിൽ എത്തിയിരുന്നു.