ലാ ലിഗയിൽ ലയണൽ മെസ്സി വീണ്ടും രക്ഷകനായപ്പോൾ വമ്പൻ തിരിച്ച് വരവുമായി ബാഴ്സലോണ. റയൽ ബെറ്റിസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയെ ബെഞ്ചിൽ ഇരുത്തി തുടങ്ങിയ കൂമന്റെ ടാറ്റിക്സുകൾ പിഴച്ചു.
ബാഴ്സയെ മുന്നിൽ നിന്ന് നയിക്കേണ്ട അന്റോണിൻ ഗ്രീസ്മാൻ നിറം മങ്ങിയപ്പോൾ വീണ്ടും രക്ഷകനായി മാറിയത് ലയണൽ മെസ്സി തന്നെ. കളിക്കളത്തിലിറങ്ങി രണ്ടാം മിനുട്ടിൽ ബാഴ്സക്ക് വേണ്ടി സ്കോർ ചെയ്യാൻ ലയണൽ മെസ്സിക്കായി. കോപ്പ ഡെൽ റേ സെമിയും ചാമ്പ്യൻസ് ലിഗ് പോരാട്ടവും മുന്നിൽ കണ്ട് മെസ്സിയേയും ഡിയോങ്ങിനേയും ബെഞ്ചിലിരുത്തിയാണ് ബാഴ്സ തുടങ്ങിയത്. എന്നാൽ ബോർഹ ഇഗിൾസിയാസിലൂടെ റയൽ ബെറ്റിസ് ലീഡ് നേടി. മെസ്സിയുടെ ഗോളിന് പിന്നാലെ വിക്ടർ റൂയിസിന്റെ ഓൺ ഗോൾ പിറന്നു.
മെസ്സി ജോർദി ആൽബക്ക് നൽകിയ പാസ്സാണ് ബെറ്റിസിന്റെ സെൽഫ് ഗോളായി മാറിയത്. ഒടുവിൽ പോർച്ചുഗീസ് താരം ഫ്രാൻസിസ്കോ ട്രിങ്കാവോയുടെ ഗോളിൽ ബാഴ്സലോണ ജയിച്ചു കയറി. ലാ ലീഗയിലെ പോയന്റ് നിലയിൽ അത്ലെറ്റിക്കോ മാഡ്രിഡിന് 7പോയന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.