മാഞ്ചസ്റ്റർ യുണൈറ്റഡിനും മൗറീനോയ്ക്ക് ജീവശ്വാസം തിരിച്ചു കിട്ടി എന്ന് പറയാം. സർ അലക്സ് ഫെർഗൂസന്റെ കാലത്തിലേത് എന്ന പോലെ എഴുതി തള്ളിയെടുത്ത് നിന്നായിരുന്നു ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചെത്തിയത്. ഇന്ന് സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ ആദ്യ ഒമ്പതു മിനുട്ട് കഴിഞ്ഞപ്പോൾ സ്കോർ ന്യൂകാസിൽ 2-0 മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നായിരുന്നു. നാലു മത്സരങ്ങളായി വിജയമില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പതിവ് ആവർത്തിക്കുകയാണ് എന്ന് തോന്നിപ്പിച്ചു ആ സ്കോർ. മൗറീനോ പുറത്താക്കപ്പെടുകയാണ് എന്ന തോന്നലും ഓൾഡ്ട്രാഫോർഡിൽ ഉയർന്നു.
കെനെഡിയും മുടോയും ആയിരുന്നു ന്യൂകാസിലിന് ആദ്യ പത്ത് മിനുട്ടിൽ തന്നെ ഈ 2-0 ലീഡ് നൽകിയത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ ജയമില്ലാതിരുന്ന ടീമായിരുന്നു ന്യൂകാസിൽ. ആദ്യ പകുതി അവസാനിക്കും വരെ ആ രണ്ടു ഗോളുകളുടെ ക്ഷീണത്തിൽ നിന്ന് കരകയറിയില്ല. രണ്ടാം പകുതിയിൽ കൂടുത അറ്റാക്കിലേക്ക് യുണൈറ്റഡ് തിരിഞ്ഞു എങ്കിലും നിരവധി അവസരങ്ങൾ യുണൈറ്റഡ് തുലച്ചു. ന്യൂകാസിൽ ഗോൾ കീപ്പറുടെ മികവും മാഞ്ചസ്റ്ററിനെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.
എന്നാൽ എഴുപതാം മിനുട്ടിലെ മാറ്റയുടെ ഫ്രീകിക്ക് ഗോളാകുന്ന തടയാൻ ആർക്കും ആയില്ല. അത്രയ്ക്ക് മികച്ചതായിരുന്നു ആ ഫ്രീകിക്ക്. 6 മിനുട്ടിന് അപ്പുറം മാർഷ്യലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിച്ച സമനില ഗോളും നേടി. പോഗ്ബയും മാർഷ്യലും തമ്മിലുള്ള മികച്ച നീക്കത്തിന് ഒടുവിൽ ആയിരുന്നു ഈ ഗോൾ പിറന്നത്.
പിന്നീട് വിജയ ഗോളിന്റെ കാത്തിരിപ്പായിരുന്നു. 90ആം മിനുട്ടിൽ സാഞ്ചസ് ആയിരുന്നു ആ വിജയ ഗോൾ യുണൈറ്റഡിന് നൽകിയത്. യംഗിന്റെ കോർണറിൽ നിന്നായിരുന്നു സാഞ്ചസിന്റെ ഗോൾ. ഇന്ന് വിജയിച്ചില്ലായിരുന്നു എങ്കിൽ മൗറീനോയുടെ യുണൈറ്റഡ് ഭാവി തന്നെ അവസാനിച്ചേനെ. ഈ വിജയം യുണൈറ്റഡിന്റെ നല്ലകാലം തിരിച്ചു കൊണ്ടുവരുമെന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.