ലെവൻഡോസ്കിക്ക് ബയേൺ വിട്ടത് ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം ഗോളടി തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ന് ക്യാമ്പ്നുവിൽ ചെക്ക് ക്ലബായ വിക്ടോറിയ പ്ലസനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് ലെവൻഡോസ്കി ആയിരുന്നു.
ഇന്ന് ഈ സമ്മറിൽ മിലാൻ വിട്ട് ബാഴ്സലോണയിൽ എത്തിയ ഫ്രാങ്ക് കെസ്സിയാണ് ഗോളടിക്ക് തുടക്കമിട്ടത്. കൗണ്ടെ കൊടുത്ത ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് കെസ്സെ തന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോൾ നേടിയത്.
34ആം മിനുട്ടിൽ ആയിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ വന്നത്. സെർജി റൊബേർടോ നൽകിയ പാസ് സ്വീകരിച്ച് വിക്ടോറിയ ഡിഫൻസിന്റെ ഇടയിലൂടെ പോളിഷ് സ്ട്രൈക്കർ ഗോൾ കണ്ടെത്തി. സ്കോർ 2-0. 44ആം മിനുട്ടിൽ സൈകോരിയയുടെ ഒരു ഗോൾ സന്ദർശകർക്ക് പ്രതീക്ഷ നൽകി എങ്കിലും ആ പ്രതീക്ഷ പെട്ടെന്ന് തന്നെ ബാഴ്സ ഇല്ലാതാക്കി.
45ആം മിനുട്ടിൽ ഡെംബലെയുടെ ക്രോസിൽ നിന്ന് ലെവൻഡോസ്കിയുടെ രണ്ടാം ഗോൾ വന്നു. ആദ്യ പകുതി അവർ 3-1ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും ബാഴ്സയുടെ ആധിപത്യം തുടർന്നു.67ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഹാട്രിക്ക് വന്നു. ഫെറൻ ടോറസ് ആയിരുന്നു അസിസ്റ്റ് നൽകിയത്. ലെവൻഡോസ്കിയുടെ ബാഴ്സലോണ കരിയറിലെ ആദ്യ ഹാട്രിക്ക്. ഇതിനു ശേഷം ഫെറാൻ ടോറസ് ഗോൾ കൂടെ നേടിയതോടെ വിജയം സ്പാനിഷ് ടീം ഉറപ്പിച്ചു.