നിർണ്ണായക മത്സരത്തിൽ ലെയ്പ്സിഗിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ലെയ്പ്സിഗിന്റെ ജയം. ഒരു ഘട്ടത്തിൽ 3-0ന് പിറകിൽ പോയതിന് ശേഷം അവസാന മിനിറ്റുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2 ഗോളടിച്ച് മത്സരത്തിൽ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും നിർണ്ണായകമായ മൂന്നാമത്തെ ഗോൾ നേടാൻ അവർക്കായില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം മറന്ന് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. പ്രതിരോധത്തിൽ ഊന്നിയുള്ള ആദ്യ പകുതിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. ജയത്തോടെ ലെയ്പ്സിഗ് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ട് ഉറപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതിരോധം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലാം പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ആൻജെലിനോയിലൂടെ ലെയ്പ്സിഗ് മുൻപിലെത്തുകയായിരുന്നു. തുടർന്ന് 13ആ മിനുറ്റിൽ ഹൈഡറയിലൂടെ ലെയ്പ്സിഗ് രണ്ടാം ഗോളും നേടിയതോടെ മത്സരത്തിന്റെ ഗതി ഏകദേശം നിർണയിക്കപ്പെട്ടിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ക്ളൈവർട്ടിലൂടെ ലെയ്പ്സിഗ് മൂന്നാമത്തെ ഗോളും നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾ എല്ലാം തകിടം മറഞ്ഞു. എന്നാൽ അഞ്ച് മിനുറ്റിനിടെ 2 ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ അവസാനം ആവേശകരമാക്കിയെങ്കിലും മൂന്നാമത്തെ ഗോൾ നേടാൻ യൂണൈറ്റഡിനായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാഡസും പകരക്കാരനായി ഇറങ്ങിയ പോഗ്ബയുമാണ് ഗോളുകൾ നേടിയത്.