ലെസ്റ്റർ സിറ്റി എഫ് എ കപ്പ് ചാമ്പ്യന്മാർ. വെംബ്ലിയിൽ ഇന്ന് ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ് എ കപ്പ് നേടുന്നത്. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്.
ഇന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ ചെൽസി ആണ് കളി മികച്ച രീതിയിൽ തുടങ്ങിയത്. നല്ല അവസരങ്ങൾ സൃഷ്ടിച്ചതും പന്ത് കയ്യിൽ വെച്ചതും അവരായിരുന്നു. ലെസ്റ്റർ പക്ഷെ മികച്ച ഓർഗനൈസേഷനിലൂടെ ചെൽസിയെ ഗോളിൽ നിന്ന് അകറ്റി. ലെസ്റ്റർ ആകട്ടെ കൗണ്ടറുകളിലൂടെ ചെൽസിക്ക് എതിരെ പ്രത്യാക്രമണം നടത്താനും ശ്രമിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും വ്യക്തമായ അവസരങ്ങൾ സൃഷ്ടിച്ചില്ല.
രണ്ടാം പകുതിയിലാണ് ലെസ്റ്റർ സിറ്റിയുടെ വക ഗോൾ വന്നത്. ഒരു വെംബ്ലി ക്ലാസിക്കായിരുന്നു ആ ഗോൾ. 63ആം മിനുറ്റിൽ യൂറി ടൈലമൻസ് 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോൾവലയുടെ ടോപ് കോർണറിൽ പതിച്ചു. ഇതിനു ശേഷം ഹവേർട്സിനെയും പുലിസിചിനെയും ജിറൂഡിനെയും ഒക്കെ ഇറക്കി ചെൽസി തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു. ഹവേർട്സിന്റെ ഒരു ഹെഡർ സമർത്ഥമായി തടഞ്ഞ് കൊണ്ട് കാസ്പർ ഷിമൈക്കിൾ ലെസ്റ്ററിന്റെ രക്ഷകനായി.
86ആം മിനുട്ടിൽ മേസൺ മൗണ്ടിന്റെ ഷോട്ടും ഷിമൈക്കിൾ ലോകനിലവാരമുള്ള സേവോടെ ഗോൾ വലയിൽ നിന്ന് അകറ്റി. 90ആം മിനുട്ടിൽ ചെൽസി പന്ത് വലയിൽ എത്തിച്ച് സമനില ആഘോഷിച്ചു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ച് ചെൽസി ആരാധകരുടെ ഹൃദയം തകർത്തു. കളിയുടെ അവസാന നിമിഷം വരെ ചെൽസി അറ്റാക്ക് തുടർന്നു എങ്കിലും സമനില ഗോൾ പിറന്നില്ല. ബ്രെൻഡൻ റോഡ്ജസിന്റെ കുട്ടികൾ കിരീടം ഉയർത്തി. ടൂഹലിന്റെ ചെൽസിയിലെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വരും എന്നും ഫൈനൽ വിസിലോടെ ഉറപ്പായി. ചെൽസി ഇത് തുടർച്ചയായ രണ്ടാം വർഷമാണ് എഫ് എ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.