16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരികെ എത്താൻ പോവുകയാണ്. 2003-04 സീസണിലായിരുന്നു അവസാനമായി ലീഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ കളിച്ചത്. ഇന്നലെ ബ്ലാക്ക് ബേർൺ റോവേഴ്സിനെ കൂടെ പരാജയപ്പെടുത്തിയതോടെ പ്രൊമോഷം ഉറപ്പിക്കുന്നതിനടുത്ത് എത്തിയിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ് ലീഡ്സ്.
41മത്സരങ്ങൾ കഴിഞ്ഞപ്പോൾ 78 പോയന്റാണ് ലീഡ്സ് യുണൈറ്റഡിന് ഉള്ളത്. ഇനി ആകെ അഞ്ചു റൗണ്ട് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ആ അഞ്ചു മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ ലഭിച്ചാൽ തന്നെ ലീഡ്സിന് പ്രൊമോഷൻ ഉറപ്പാകും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് നേരിട്ട് പ്രീമിയർ ലീഗിൽ എത്താം.
ഇപ്പോൾ മൂന്നാമതുള്ള ബ്രെന്റ്ഫോർഡിന് 72 പോയന്റാണ് ഉള്ളത്. എല്ലാ മത്സരങ്ങളും അവർ ജയിച്ചാലും 87 പോയന്റ് മാത്രമേ ആകു. ആ പോയന്റിലേക്ക് വെറും മൂന്ന് വിജയങ്ങൾ കൊണ്ട് ലീഡ്സിനെത്താം. ലീഡ്സ് പ്രീമിയർ ലീഗിലേക്ക് എത്തിയാൽ പ്രീമിയർ ലീഗിന്റെ ആവേശത്തിന് മാറ്റു കൂടും. പേരുകേട്ട ലീഡ്സ് ആരാധരെ അതിജീവിക്കാൻ പ്രീമിയർ ലീഗിലെ വമ്പന്മാർക്ക് വരെ കഴിയില്ല. ലീഡ്സും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ശത്രുത പൊടി തട്ടിയെടുക്കാനും ഇതോടെ ഫുട്ബോൾ ആരാധകർക്ക് ആകും.