ഈ സീസണിൽ യൂറോപ്പിൽ മികച്ച അഞ്ച് ലീഗുകൾ എന്ന് വാഴ്ത്തപ്പെടുന്ന ലീഗുകളിൽ ഒക്കെ ഒരു കാര്യം സമമായി തന്നെ നടന്നു. ഈ സീസൺ തുടങ്ങുമ്പോൾ ആരായിരുന്നോ ചാമ്പ്യന്മാർ അവർ തന്നെയാണ് ലീഗ് അവസാനിക്കുമ്പോഴും ചാമ്പ്യൻസ്. ഇന്നലെ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് കൂടെ കിരീടം നേടിയതോടെയാണ് ഇങ്ങനെ ഒരു അപൂർവ്വ കാര്യം നടന്നത്.
കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ യുവന്റസായിരുന്നു ചാമ്പ്യന്മാർ, ഇത്തവണയും യുവന്റസ് തന്നെ ലീഗ് ചാമ്പ്യന്മാർ. തുടർച്ചയായ എട്ടാം ലീഗ് കിരീടമാണ് എന്നതുകൊണ്ട് അവിടെ അത് പുതുമയല്ല. ഫ്രാൻസിൽ പി എസ് ജി കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വെല്ലുവിളികൾ ഇല്ലാതെ ചാമ്പ്യന്മാരായി. സ്പെയിനിൽ ബാഴ്സലോണയ്ക്ക് ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ എളുപ്പമായിരുന്നു കിരീടത്തിലേക്കുള്ള വഴി.
യൂറോപ്പിലെ മറ്റൊരു വമ്പൻ ലീഗായ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും കിരീടം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു കിരീടം നിലനിർത്താൻ ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എന്തായാലും അത്യപൂർവ്വമായി മാത്രം നടക്കുന്നതാണ് അഞ്ചു ലീഗിലും കിരീടം നിലനിർത്തപ്പെടുക എന്നത്.