ലീഗ് കപ്പിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ചെൽസിയെ വീഴ്ത്തി ടോട്ടൻഹാം ഇ.എഫ്.എൽ കപ്പിന്റെ ക്വർട്ടർ ഫൈനലിൽ. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയതിന് ശേഷമാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റ് ചെൽസി പുറത്തായത്. ആദ്യ പകുതിയിൽ ടിമോ വെർണറിന്റെ ഗോളിലാണ് ചെൽസി മത്സരത്തിൽ ലീഡ് നേടിയത്. വെർണറിന്റെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഫ്രാങ്ക് ലാമ്പർഡ് പരിശീലിപ്പിച്ച ഒരു ടീമിനെ ആദ്യമായാണ് മൗറിനോ പരാജയപെടുത്തുന്നത്.
എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ടോട്ടൻഹാം പലപ്പോഴും ചെൽസി ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ മാത്രം വീണില്ല. ഇതിനിടയിൽ കിട്ടിയ രണ്ട് സുവർണ്ണാവസരങ്ങൾ ചെൽസി നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് മത്സരത്തിന്റെ 83ആം മിനുട്ടിൽ എറിക് ലാമേലയിലൂടെ ടോട്ടൻഹാം സമനില പിടിച്ചത്. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടോട്ടൻഹാം നിരയിൽ എല്ലാവരും ഗോൾ നേടിയപ്പോൾ അവസാന കിക്ക് എടുത്ത ചെൽസി താരം മേസൺ മൗണ്ട് പുറത്തടിച്ചതോടെ ടോട്ടൻഹാം ജയം ഉറപ്പിക്കുകയായിരുന്നു.