ഫ്രഞ്ച് ലീഗ് വണ്ണിൽ ആരാധകരുടെ മോശം പെരുമാറ്റം തുടർക്കഥയാകുന്നു. ഇന്ന് നടന്ന ലിയോൺ, മാഴ്സെ മത്സരത്തിലും കാണികൾ മോശം പെരുമാറ്റം പുറത്ത് എടുത്തതോടെ മത്സരം അധികൃതർ ഉപേക്ഷിക്കുക ആയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ കോർണർ എടുക്കാൻ പോയ മാഴ്സെ ക്യാപ്റ്റൻ ദിമിത്രി പയറ്റിന് നേരെ ലിയോൺ കാണികൾ വെള്ള കുപ്പി എറിയുക ആയിരുന്നു. ഏറു കൊണ്ട പയറ്റ് പരിക്കേറ്റു വീഴുകയും ഉണ്ടായി. തുടർന്ന് പ്രതിഷേധിച്ച മാഴ്സെ താരങ്ങൾ കളം വിടുക ആയിരുന്നു.
തുടർന്ന് മത്സരം തുടരാം എന്നു അധികൃതരും റഫറിയും വിധിച്ചു എങ്കിലും ഇരു ടീമുകളിലെയും താരങ്ങൾ പിന്നീട് മത്സരത്തിന് ആയി എത്തിയില്ല. പിന്നീട് ഒരു മണിക്കൂറിനു മുകളിൽ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനു ശേഷം അധികൃതർ മത്സരം ഉപേക്ഷിച്ചത് ആയി പ്രഖ്യാപിക്കുക ആയിരുന്നു. സീസണിൽ ഇത് ആറാം തവണയാണ് ഫ്രഞ്ച് കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം നിർത്തി വക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.