ഇറ്റാലിയൻ സീരി എയിലെ യുവന്റസിന്റെ സമീപകാലത്തെ കുതിപ്പ് തടഞ്ഞു ലാസിയോ. മികച്ച ഫോമിലുള്ള അവർ ലീഗിൽ മൂന്നാം ജയം ആണ് കുറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാരിയുടെ ടീമിന്റെ ജയം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുത്ത ലാസിയോ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ്. അതേസമയം യുവന്റസ് ഏഴാം സ്ഥാനത്തും. മത്സരത്തിൽ കൂടുതൽ അപകടകാരികൾ ആയതും മത്സരം നിയന്ത്രിച്ചതും ലാസിയോ തന്നെയായിരുന്നു.
ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ മറ്റിയോ സക്കാഗ്നിയുടെ പാസിൽ നിന്നു സെർജിയ് മിലിൻകോവിച്-സാവിച് ആണ് ലാസിയോക്ക് മുൻതൂക്കം നൽകിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ റാബിയോറ്റിലൂടെ അല്ലഗ്രിനിയുടെ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ മികച്ച ബാക് ഹീൽ പാസിൽ നിന്നു ഗോൾ നേടിയ മികച്ച ഫോമിലുള്ള സക്കാഗ്നി ലാസിയോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഇറ്റാലിയൻ താരത്തിന്റെ സീസണിലെ പത്താം ഗോൾ ആയിരുന്നു ഇത്. സമനിലക്ക് ആയി വലിയ അവസരങ്ങൾ ഒന്നും ഉണ്ടാക്കാൻ യുവന്റസിന് ആവാത്തത് ലാസിയോക്ക് കാര്യങ്ങൾ തുടർന്ന് എളുപ്പവും ആക്കി.