മാർട്ടിനസിനും പരിക്ക്; ബാഴ്‌സക്കെതിരെ സംശയത്തിൽ

Nihal Basheer

തുടർച്ചയായ മോശം ഫോമിനിടെ ഇന്റർ മിലാന് വൻ തിരിച്ചടിയായി ലൗട്ടാരോ മാർട്ടിനസിനും പരിക്ക്. റോമക്കെതിരായ കഴിഞ്ഞ ലീഗ് മത്സരത്തിന് ശേഷം മുടന്തി നീങ്ങിയ താരം ഉടനെ വൈദ്യപരിശോധനക്ക് വിധേയനാകും. ഇതിന് ശേഷം പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരും. ഇതോടെ ഈ വാരം ബാഴ്‌സലോണയുമായി നിർണയകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് താരത്തിന്റെ സാന്നിധ്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

 

നേരത്തെ ലുക്കാകുവും പരിക്കിന്റെ പിടിയിൽ ആയിരുന്നതിനാൽ മുന്നേറ്റത്തെ നയിക്കേണ്ട ചുമതല മാർട്ടിനസിന്റെ ചുമലിൽ ആയിരുന്നു. സീസണിൽ മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇന്ററിനും കോച്ച് ഇൻസാഗിക്കും മാർട്ടിനസിന്റെ പരിക്ക് കൂടി താങ്ങാൻ ആവില്ല. ആരാധകർ ഇപ്പോൾ തന്നെ കോച്ചിനെ പുറത്താക്കാനുള്ള മുറവിളിയിലാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ബാഴ്‌സലോണക്കെതിരെ വിജയം നേടേണ്ടത് ഇന്ററിന് ആവശ്യമാണ്.