ലോറിയസ് അവാർഡിൽ ചരിത്രം കുറിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ലോറിയസ് അവാർഡിൽ 2019 ലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡ് ഫോർമുല വൺ ഡ്രൈവർ ഹാമിൾട്ടനുമായി പങ്ക് വച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മെസ്സി മാറി. ലോറിയസ് അവാർഡിന്റെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീമിനത്തിലെ താരത്തിന് മികച്ച താരത്തിനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ബാഴ്‍സ താരമായ മെസ്സി തന്റെ ആറാം ബാലൻ ഡി യോർ പുരസ്കാരവും നേടിയിരുന്നു.
അതേസമയം തന്റെ ആറാം ലോകകിരീടം നേടിയ ലൂയിസ് ഹാമിൾട്ടനും കഴിഞ്ഞ വർഷം അവിസ്മരണീയം ആക്കിയിരുന്നു. ഫോർമുല വണ്ണിലെ തുടരുന്ന മികവിന് ആണ് ബ്രിട്ടീഷ് ഡ്രൈവർ പുരസ്‌കാരത്തിന് അർഹനായത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ മോട്ടോർ ബൈക്ക് ഡ്രൈവർ സ്‌പാനിഷ് താരം ആയ മാർക്ക് മാർക്വീസ്, മാരത്തോണിൽ കഴിഞ്ഞ വർഷം ചരിത്രം കുറിച്ച കെനിയൻ താരം എലിയഡ് കിപ്ചോങ്, കഴിഞ്ഞ വർഷം തന്റെ 12 മത്തെ ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു ഒപ്പം യു.എസ് ഓപ്പൺ കിരീടാവുമായി 19 മത്തെ ഗ്രാന്റ് സ്‌ലാം നേടിയ സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ, അമേരിക്കൻ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് എന്നിവരെ മറികടന്ന് ആണ് മെസ്സിയും ഹാമിൾട്ടനും അവാർഡ് സ്വന്തമാക്കിയത്.